വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ കാറ്റി സക്കറിയയുടെ കസേരയ്ക്ക് ആയുസ്സ് വെറും അഞ്ചു ദിവസം. അഞ്ചു ദിവസം കൊണ്ട് ആവശ്യത്തിലേറെ ആഗോള മാധ്യമശ്രദ്ധ നേടിയാണ് കെയ്റ്റി സക്കറിയ പുറത്താക്കപ്പെട്ടത്. ആദ്യ വാര്ത്താസമ്മേളനത്തിലെ നാക്ക് പിഴയും അഭിഭാഷകയെന്ന അവകാശവാദത്തെച്ചൊല്ലിയ വിവാദവും മാധ്യമവിമര്ശനവും പിന്നാലെയെത്തിയതോടെ വൈറ്റ് ഹൗസിലെ പദവിയില്നിന്ന് സക്കറിയയ്ക്ക് പടിയിറങ്ങേണ്ടിവന്നു.
ഒക്ടോബര് ഒമ്പതിനാണ് സക്കറിയയെ പുതിയ പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ചത്. ഒക്ടോബര് 13ന് നടത്തിയ ആദ്യ വാര്ത്താസമ്മേളനത്തിലാണ് നാക്ക് പിഴ വൈറലായത്. കുടുംബജീവിതവും തിരക്കേറിയ ജോലിയും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടെ, ട്രംപിനെക്കുറിച്ച് സംസാരിക്കുമ്പോള് ഭര്ത്താവിനെ ഉദ്ദേശിച്ച് പറയേണ്ട വാക്കുകള് മാറിപ്പോയി. 'എന്റെ പ്രസിഡന്റ് ക്ഷമിക്കണം, എന്റെ ഭര്ത്താവ്' എന്ന പ്രസ് മുറിയില് ചിരിപടര്ത്തുകയും സമൂഹമാധ്യമങ്ങളില് വലിയ ചര്ച്ചയാവുകയും ചെയ്തു.
ആദ്യ വാര്ത്താസമ്മേളനം വെറും 14 മിനിറ്റില് അവസാനിച്ചതും മൂന്ന് മാധ്യമങ്ങള്ക്ക് മാത്രമാണ് ചോദ്യങ്ങള് ചോദിക്കാന് അവസരം നല്കിയതെന്നതും വിമര്ശനത്തിനിടയാക്കി. അഭിഭാഷകയെന്ന നിലയില് സ്വയം പരിചയപ്പെടുത്തിയിരുന്നെങ്കിലും അമേരിക്കയിലെ ബാര് പരീക്ഷ പാസായിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെ വിവാദം കൂടുതല് ശക്തമായി. അന്താരാഷ്ട്ര ഇടപാടുകളുമായി ബന്ധപ്പെട്ട നിയമപ്രവര്ത്തനം നടത്തിയിരുന്നുവെന്ന അവരുടെ വിശദീകരണവും വിമര്ശനത്തെ പൂര്ണമായി ശമിപ്പിച്ചില്ല.
കെയ്റ്റി സക്കറിയയോട് പ്രസ് സെക്രട്ടറി ജോലിയില് തുടരണമോയെന്ന് പുനഃപരിശോധിക്കാന് നിര്ദേശിച്ചതായി വെള്ളിയാഴ്ച ട്രംപ് അറിയിച്ചിരുന്നു. പിന്നാലെയാണ് പുറത്താക്കിയ വാര്ത്ത വന്നത്. മാധ്യമങ്ങള് അവരോട് മോശമായി പെരുമാറിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു. പിന്നാലെയാണ് സക്കറിയ പദവിയില്നിന്ന് മാറുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങള് അറിയിച്ചത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരില് ഏറ്റവും കുറഞ്ഞ കാലം പദവിയിലിരുന്നവരിലൊരാളായി സക്കറിയ മാറി. ട്രംപിന്റെ ആദ്യ ഭരണകാലത്ത് വെറും 11 ദിവസം മാത്രം കമ്മ്യൂണിക്കേഷന്സ് ഡയറക്ടറായിരുന്ന ആന്തണി സ്കാരമൂച്ചിയുടെ റെക്കോര്ഡിനെയും അവര് പിന്നിലാക്കി.
Related News