കോഴിക്കോട്: പുനഃസംഘടിപ്പിച്ച കേരള വഖഫ് ബോര്ഡില് പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ച് കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള കേരള മുസ്ലിം ജമാഅത്ത് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒക്ടോബര് 22ന് പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന സര്ക്കാരിന്റെ നടപടിയില് കടുത്ത അതൃപ്തിയിലാണ് സംഘടന.
സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കാന്തപുരം വിഭാഗത്തിന്റെ പിന്തുണയുള്ള സംഘടനയാണ കേരള മുസ്ലിം ജമാഅത്ത്. വഖഫ് ബോര്ഡിന്റെ പുനഃസംഘടനയില് തങ്ങളുടെ വിഭാഗത്തിന് അര്ഹമായ പ്രാതിനിധ്യം നിഷേധിച്ചെന്നാണ് അവര് ആരോപിക്കുന്നത്. കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിലും പരിപാലനത്തിലും ഗണ്യമായ പങ്കുവഹിക്കുന്ന സുന്നി വിഭാഗത്തെ ബോര്ഡില് നിന്ന് ഒഴിവാക്കിയത് നീതിനിഷേധമാണെന്നാണ് സംഘടനയുടെ നിലപാട്.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണം, നടത്തിപ്പ്, അവയുമായി ബന്ധപ്പെട്ട തര്ക്കങ്ങള് എന്നിവയില് സംസ്ഥാന വഖഫ് ബോര്ഡിന് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുണ്ട്. അതിനാല് വിവിധ മുസ്ലിം സംഘടനകള്ക്കും വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഭാഗങ്ങള്ക്കും ബോര്ഡിലെ പ്രാതിനിധ്യം പ്രധാനമാണ്. പുനഃസംഘടനയില് തങ്ങളുടെ പങ്കും സ്വാധീനവും പരിഗണിച്ചില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ പരാതി.
പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിഷയം ഉയര്ത്തി സര്ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കേരള മുസ്ലിം ജമാഅത്തിന്റെ നീക്കം.
പുനഃസംഘടനയില് സമസ്ത വിഭാഗത്തിന് പൊതുവെ അതൃപ്തിയുണ്ട്. ലീഗ് വിരുദ്ധനായ ഉമര് ഫൈസിയെ മാറ്റുകയും ലീഗ് അനുകൂലിയായ മുസ്തഫല് ഫൈസിയെ ഉള്പെടുത്തുകയും ചെയ്തു. ഉമര് ഫൈസിയെ മാറ്റിയതില് എതിര്പ്പില്ലെങ്കിലും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ പര്സ്യമായി വിമര്ശിച്ചതിന്റെ പേരില് മുശാവറയില് നിന്ന് പുറത്താക്കിയ മുസ്തഫല് ഫൈസിയെ ഉള്പെടുത്തിയത് ഔദ്യോഗിക സമസ്തയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
Related News