മക്ക- മസ്ജിദുല് ഹറാമിലെത്തുന്ന തീര്ത്ഥാടകര്ക്ക് ത്വവാഫ്, സഅ്യ് സ്ഥലങ്ങളിലെ തിരക്ക് മുന്കൂട്ടി അറിയുന്നതിന് തത്സമയ പ്രദര്ശനവും ഇന്ഡിക്കേറ്ററുകളും അടങ്ങിയ ഡിജിറ്റല് സേവനങ്ങള് ലഭ്യമാക്കി. ഹറമിലേക്ക് പുറപ്പെടുന്നതിന് മുന്പ് തിരക്ക് കുറഞ്ഞ സമയം തിരഞ്ഞെടുക്കാന് ഇത് തീര്ഥാടകരെ സഹായിക്കുകയും ആരാധനാകര്മ്മങ്ങള് സുഗമമാക്കുകയും ചെയ്യുന്നു.
ഇരുഹറമുകളുടെയും സംവേദനാത്മക ഡിജിറ്റല് മാപ്പ് തീര്ത്ഥാടകര്ക്ക് പ്രധാനപ്പെട്ട ലാന്ഡ്മാര്ക്കുകളും സേവന കേന്ദ്രങ്ങളും എളുപ്പത്തില് കണ്ടെത്താനുള്ള അവസരമൊരുക്കുന്നു. മസ്ജിദുല് ഹറാമിലും മസ്ജിദുന്നബവിയിലുമുള്ള യാത്ര സുഗമമാക്കാന് സഹായിക്കുന്ന ഈ മാപ്പില് 950-ഓളം പ്രധാനപ്പെട്ട നിര്ദ്ദിഷ്ട പോയിന്റുകളും ചരിത്രപരമായ സ്ഥലങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധ കഅ്ബ, മഖാമു ഇബ്രാഹീം, സ്വഫ-മര്വ എന്നിവക്ക് പുറമെ മസ്ജിദുന്നബവിയിലെ റൗദ ശരീഫ്, ഹുജ്റ ശരീഫ്, മിഹ്റാബുകള്, മിമ്പറുകള് എന്നിവയും ഈ ഡിജിറ്റല് മാപ്പിലൂടെ എളുപ്പത്തില് കണ്ടെത്താനാകും.
പതിനേഴിലധികം വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം യാത്രാവഴികളാണ് ഈ പ്ലാറ്റ്ഫോം നിര്ദ്ദേശിക്കുന്നത്. കൂടാതെ, വിവിധ കേന്ദ്രങ്ങളെയും ചരിത്രപരമായ ലാന്ഡ്മാര്ക്കുകളെയും കുറിച്ചുള്ള വിവരങ്ങള് വേഗത്തില് ലഭ്യമാക്കുന്നതിനായി 650-ലധികം ക്യൂ.ആര് കോഡുകളും സജ്ജീകരിച്ചിട്ടുണ്ട്.
തീര്ത്ഥാടകര്ക്ക് നേരിട്ട് വഴികള് കാണുന്നതിനായി ആറിലധികം ഫീല്ഡ് ഡിസ്പ്ലേ സ്ക്രീനുകളുമായി ഡിജിറ്റല് മാപ്പ് ബന്ധിപ്പിച്ചിരിക്കുന്നു. ഭിന്നശേഷിക്കാര്ക്ക് അനുയോജ്യമായ വഴികളും അനുബന്ധ സൗകര്യങ്ങളും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടെന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
ഇരുഹറം കാര്യാലയത്തിന്റെ ഡിജിറ്റല് വികസന പദ്ധതികളുടെ ഭാഗമായാണ് ഈ സാങ്കേതിക വിദ്യകള് നടപ്പാക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകള് പ്രയോജനപ്പെടുത്തി സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താനും, ദൈവത്തിന്റെ അതിഥികളായെത്തുന്ന ലക്ഷക്കണക്കിന് തീര്ത്ഥാടകരുടെ അനുഭവം കൂടുതല് മികച്ചതാക്കാനും ഇത്തരം മുന്കൈകള് സഹായിക്കുന്നു.
Related News