ഏദന്: യെമനില് മധ്യസ്ഥത വഹിക്കാമെന്ന ഇറാന്റെ നിര്ദേശം തള്ളി യെമന് വിദേശകാര്യ മന്ത്രി ഡോ. അഫ്രഹ് അല് സുബ. ഹൂതി വിമതര്ക്ക് ആയുധവും സാമ്പത്തിക സഹായവും നല്കി യെമനിലെ ആഭ്യന്തര സംഘര്ഷം വഷളാക്കുന്നത് ഇറാനാണെന്നും, മേഖലയിലെ തന്ത്രപരമായ നേട്ടങ്ങള്ക്കായി ഇറാന് യെമനെ കരുവാക്കുകയാണെന്നും വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
'ഇറാന് ഭരണകൂടം യെമനിലെ യുദ്ധത്തിലെ ഒരു കക്ഷിയാണ്, മധ്യസ്ഥനല്ല' എന്ന തലക്കെട്ടില് എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ച ലേഖനത്തിലാണ് വിദേശകാര്യ മന്ത്രി ഇറാന്റെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. സ്വന്തം സൈനിക-സാമ്പത്തിക സഹായത്താല് നീണ്ടുപോകുന്ന ഒരു സംഘര്ഷത്തില് മധ്യസ്ഥത വഹിക്കാന് ഇറാന് യോഗ്യതയില്ലെന്ന് അവര് വ്യക്തമാക്കി.
ഹൂതി ഭീകരര്ക്ക് മിസൈലുകളും ഡ്രോണുകളും സൈനിക പരിശീലനവും നല്കുന്നത് ഇറാനാണെന്ന് മന്ത്രി ആരോപിച്ചു. മധ്യസ്ഥത വാഗ്ദാനം ചെയ്യുന്നതിന് പകരം ഹൂതികള്ക്കുള്ള പിന്തുണ പിന്വലിക്കാനും യെമന്റെ പരമാധികാരത്തെ മാനിക്കാനും അന്താരാഷ്ട്ര നിയമങ്ങള് പാലിക്കാനുമാണ് ഇറാന് തയ്യാറാകേണ്ടതെന്നും അവര് ഓര്മിപ്പിച്ചു. ഇറാന്റെ പ്രസ്താവനകള് യെമന് ജനതയെയും ഇറാനിയന് ആയുധങ്ങളാല് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും നിന്ദിക്കുന്നതിന് തുല്യമാണെന്നും അവര് കൂട്ടിച്ചേര്ത്തു.
താല്ക്കാലിക തലസ്ഥാനമായ ഏദനിലെ പ്രസിഡന്ഷ്യല്-സര്ക്കാര് ആസ്ഥാനങ്ങള്, വിമാനത്താവളം, തായിസിലെയും മാരിബിലെയും ജനവാസ മേഖലകള്, സൗദി അറേബ്യയിലെ സിവിലിയന് കേന്ദ്രങ്ങള് എന്നിവയ്ക്ക് നേരെ ഹൂതികള് നടത്തിയ ആക്രമണങ്ങള് ചൂണ്ടിക്കാട്ടിയ മന്ത്രി, അന്താരാഷ്ട്ര കപ്പല് ഗതാഗതത്തിന് ഭീഷണിയുയര്ത്താന് ഇറാന് ഹൂതികളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.
സൗദി അറേബ്യ മുന്നോട്ടുവെച്ച സമാധാന രൂപരേഖ ഉള്പ്പെടെയുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഹൂതികള് നിരന്തരം തള്ളിക്കളയുകയാണെന്ന് മന്ത്രി പറഞ്ഞു. വെടിനിര്ത്തല് അവസരങ്ങള് ആയുധശേഖരം ശക്തിപ്പെടുത്താനാണ് ഹൂതികള് ഉപയോഗിച്ചത്. ഹൂതികളെ 'യെമന് സായുധ സേന' എന്ന് വിശേഷിപ്പിക്കാന് കഴിയില്ലെന്നും യെമന് ജനതയെ പ്രതിനിധീകരിക്കാന് അവര്ക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അഫ്രഹ് അല് സുബ വ്യക്തമാക്കി.
സൗദി അറേബ്യയ്ക്ക് യെമന്റെ പൂര്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, സ്വന്തം സുരക്ഷയും പൗരന്മാരെയും സംരക്ഷിക്കാന് സൗദിക്ക് പൂര്ണ അവകാശമുണ്ടെന്നും ഇരുരാജ്യങ്ങളുടെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂട്ടിച്ചേര്ത്തു.
Related News