ജിദ്ദ- മഴ, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള് നേരിടാനുള്ള സജ്ജീകരണങ്ങള് വിലയിരുത്തുന്നതിനായി ജിദ്ദ ഗവര്ണറേറ്റ് മുന്സിപ്പാലിറ്റി വിപുലമായ മോക്ക് ഡ്രില് സംഘടിപ്പിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ വിവിധ സര്ക്കാര്-സ്വകാര്യ ഏജന്സികളുടെ പങ്കാളിത്തത്തോടെ ജിദ്ദയിലെ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് പരീക്ഷണം നടത്തിയത്.
അടിയന്തര സാഹചര്യങ്ങളില് വിവിധ വകുപ്പുകള് തമ്മിലുള്ള ഏകോപനവും പെട്ടെന്നുള്ള പ്രതികരണ ശേഷിയും പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ഈ മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി മഴക്കാല അടിയന്തര പദ്ധതികള്, സപ്പോര്ട്ട് സെന്ററുകള്, അനുബന്ധ കമ്മിറ്റികള് എന്നിവ സജ്ജമാക്കി പ്രവര്ത്തിപ്പിച്ചു.
ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്ന സാഹചര്യങ്ങള് കൃത്രിമമായി സൃഷ്ടിച്ചായിരുന്നു ഫീല്ഡ് ടീമുകളുടെ സജ്ജീകരണങ്ങള് വിലയിരുത്തിയത്. അത്യാധുനിക യന്ത്രസാമഗ്രികളുടെയും വാഹനങ്ങളുടെയും പ്രവര്ത്തനക്ഷമത, ദുരന്ത നിവാരണ നടപടികള്, നാശനഷ്ടങ്ങള് കണക്കാക്കല്, താത്കാലിക പുനരധിവാസ കേന്ദ്രങ്ങള് ഒരുക്കല് എന്നിവ ഡ്രില്ലിന്റെ ഭാഗമായി വിശദമായി പരിശോധിച്ചു.
എമര്ജന്സി ആന്ഡ് ക്രൈസിസ് ജനറല് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് മുന്സിപ്പാലിറ്റി ഈ ഘട്ടങ്ങള് പൂര്ത്തിയാക്കിയത്. മഴവെള്ള നിഷ്കാസനം, ശുചീകരണം, മറ്റ് പ്രവര്ത്തന സേവനങ്ങള് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഇതിനായി പൂര്ണ്ണമായും വിന്യസിച്ചിരുന്നു.
മഴയും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്ന അപകടസാധ്യതകള് കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള് മെച്ചപ്പെടുത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനുമുള്ള ഫീല്ഡ് പ്രവര്ത്തനങ്ങളുടെ കാര്യക്ഷമത വര്ദ്ധിപ്പിക്കാനും ഈ പരിശീലനത്തിലൂടെ സാധിച്ചതായി അധികൃതര് വ്യക്തമാക്കി.
Related News