കൊല്ലം- പ്രകൃതിരമണീയമായ കൊല്ലം - പുനലൂര് - ചെങ്കോട്ട റെയില്വേ പാതയിലൂടെ യാത്ര ചെയ്യുന്നവര്ക്ക് ഇനി പശ്ചിമഘട്ടത്തിന്റെ മനോഹര ദൃശ്യങ്ങള് കണ്കുളിര്ക്കെ കണ്ട് യാത്ര ചെയ്യാം. കേരളത്തിലെ റെയില്വേ ചരിത്രത്തില് ആദ്യമായി വിസ്റ്റാഡോം കോച്ച് സര്വീസിന് തുടക്കമാകുന്നു. ദക്ഷിണ റെയില്വേ അനുവദിച്ച ഈ പ്രത്യേക വിസ്റ്റാഡോം സര്വീസ് കൊല്ലം - പുനലൂര് - ചെങ്കോട്ട റൂട്ടില് വലിയ മാറ്റങ്ങള്ക്കാണ് വഴിയൊരുക്കുന്നത്.
സുതാര്യമായ വലിയ ഗ്ലാസ് ജാലകങ്ങളും ഗ്ലാസ് മേല്ക്കൂരയും അടങ്ങിയ പ്രത്യേക തരം കോച്ചുകളാണ് വിസ്റ്റാഡോം. യാത്രക്കാര്ക്ക് പുറത്തെ പ്രകൃതിഭംഗിക്ക് അനുസരിച്ച് 360 ഡിഗ്രിയില് തിരിക്കാന് കഴിയുന്ന റൊട്ടേറ്റബിള് റിക്ലൈനിങ് സീറ്റുകള്, എയര് കണ്ടീഷനിംഗ്, അത്യാധുനിക എല്.ഇ.ഡി ലൈറ്റുകള്, മികച്ച ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം എന്നിവയും വിസ്റ്റാഡോമിന്റെ സവിശേഷതകളാണ്. പുനലൂര് - ചെങ്കോട്ട പാതയിലെ ഹരിതാഭമായ കാടുകളും പാലങ്ങളും തുരങ്കങ്ങളും പശ്ചിമഘട്ട മലനിരകളും ഇനി പൂര്ണ്ണമായി ആസ്വദിക്കാന് യാത്രക്കാര്ക്ക് സാധിക്കും.
എന്. കെ. പ്രേമചന്ദ്രന് എം.പിയുടെ നീണ്ട വര്ഷത്തെ നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് മലയോര പാതയിലെ വിനോദസഞ്ചാര സാധ്യതകള്ക്ക് പുതിയ ചിറകുകള് നല്കുന്ന ഈ സ്വപ്ന പദ്ധതി യാഥാര്ത്ഥ്യമാകുന്നത്.
വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുന്നത് മധുര ഗുരുവായൂര് മധുര എക്സ്പ്രസ് (16327/16328) ട്രെയിനിലാണ്. താത്കാലിക സര്വീസായി നിശ്ചിത ദിവസങ്ങളില് മാത്രമായിരിക്കും ഈ കോച്ച് ലഭ്യമാവുക.
ട്രെയിന് നമ്പര് 16327 (മധുര ഗുരുവായൂര് എക്സ്പ്രസ്): 2026 ഒക്ടോബര് 22 മുതല് 2027 ജനുവരി 15 വരെ. സര്വീസ് നടത്തുന്ന ദിവസങ്ങള്: വ്യാഴം, വെള്ളി, ശനി, ഞായര്.
ട്രെയിന് നമ്പര് 16328 (ഗുരുവായൂര് മധുര എക്സ്പ്രസ്): സര്വീസ് കാലയളവ്: 2026 ഒക്ടോബര് 23 മുതല് 2027 ജനുവരി 16 വരെ. സര്വീസ് നടത്തുന്ന ദിവസങ്ങള്: വെള്ളി, ശനി, ഞായര്, തിങ്കള്.
കൊല്ലം - പുനലൂര് - ചെങ്കോട്ട റെയില്വേ പാതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ നാഴികക്കല്ലുകളിലൊന്നായി ഈ പദ്ധതി മാറും. തെന്മല, ആര്യങ്കാവ് തുടങ്ങിയ മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകര്ഷിക്കാന് വിസ്റ്റാഡോം സര്വീസ് സഹായകമാകും. റെയില്വേ പാത കടന്നുപോകുന്ന കൊല്ലം ജില്ലയിലെ പ്രദേശങ്ങളില് ടൂറിസം അധിഷ്ഠിത സാമ്പത്തിക വളര്ച്ചയ്ക്കും ഇത് വലിയ സംഭാവന നല്കുമെന്നാണ് പ്രതീക്ഷ.