റിയാദ്: യെമനിലെ ഹൂതി വിമതര് തൊടുത്തുവിട്ട രണ്ട് മിസൈലുകളും നിരവധി ഡ്രോണുകളും സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചു. റിയാദിലും ഖാമിസ് മുഷൈത്തിലും ശത്രുപക്ഷത്തുനിന്നുള്ള വ്യോമാക്രമണ ഭീഷണിയെക്കുറിച്ച് താമസക്കാര്ക്ക് അടിയന്തര മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഈ നടപടി.
ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി തൊടുത്തുവിട്ട രണ്ട് മിസൈലുകള് തടഞ്ഞുനശിപ്പിച്ചതായി അറബ് സഖ്യസേന ഞായറാഴ്ച പുലര്ച്ചെ അറിയിച്ചു. മിനിറ്റുകള്ക്കകം പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്, റിയാദ് മേഖലയില് വെച്ച് ഒരു ഡ്രോണും വെടിവെച്ചിട്ടതായി സഖ്യസേന വക്താവ് മേജര് ജനറല് തുര്ക്കി അല്-മാലികി വ്യക്തമാക്കി.
പ്രാദേശിക സമയം പുലര്ച്ചെ 1:30 ഓടെ സിവില് ഡിഫന്സ് ജനറല് ഡയറക്ടറേറ്റ് ജനങ്ങളുടെ മൊബൈല് ഫോണുകളിലേക്ക് 'ശത്രുപക്ഷത്തുനിന്നുള്ള വ്യോമാക്രമണ ഭീഷണി' ഉണ്ടെന്ന് കാണിച്ച് മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. മിനിറ്റുകള്ക്കകം തന്നെ ഈ ജാഗ്രതാ നിര്ദ്ദേശം പിന്വലിക്കുകയും ചെയ്തു.
ശനിയാഴ്ച റിയാദ്, കിഴക്കന് പ്രവിശ്യ, രാജ്യത്തിന്റെ തെക്കന് ഭാഗങ്ങള് എന്നിവിടങ്ങളില് കഴിഞ്ഞ മണിക്കൂറുകളില് നാല് ഡ്രോണുകള് തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന വക്താവ് അല്-മാലിതി അറിയിച്ചു. യെമനിലെ സാദ ഗവര്ണറേറ്റില് രണ്ട് ബാലസ്റ്റിക് മിസൈല് വിക്ഷേപണ കേന്ദ്രങ്ങളും തകര്ത്തിട്ടുണ്ട്. ഖമീസ് മുഷൈത്ത്, അബഹ എന്നിവിടങ്ങളിലെ അപകടാവസ്ഥ ഒഴിഞ്ഞതായി സിവില് ഡിഫന്സ് അറിയിച്ചു.
ഏകദേശം വര്ഷങ്ങളോളം നിലനിന്ന ശാന്തതയ്ക്ക് ശേഷം ജൂലൈയില് യെമന് സംഘര്ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടര്ന്ന് സമീപകാല സംഭവങ്ങള് വലിയ തോതിലുള്ള ശത്രുത വര്ദ്ധനവിലേക്കാണ് വിരല് ചൂണ്ടുന്നത്. സൗദി അറേബ്യയുടെ എണ്ണ പ്ലാന്റുകളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്-ഡ്രോണ് ആക്രമണങ്ങള് തുടരുകയാണ്. റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില് 13 പേര് കൊല്ലപ്പെട്ടിരുന്നു.
തുടര്ച്ചയായ ആക്രമണങ്ങളെ തുടര്ന്ന് സൗദിയിലുടനീളം മുന്കരുതല് നടപടികള് ഊര്ജിതമാക്കി. റിയാദിലും ദിരിയയിലും വിദ്യാഭ്യാസ മന്ത്രാലയം ഓണ്ലൈന് പഠനം നീട്ടി. സൗദി അറേബ്യയ്ക്ക് ആവശ്യമായ എല്ലാ പ്രതിരോധ പിന്തുണയും നല്കാന് തയ്യാറാണെന്ന് ഈജിപ്ഷ്യന് പ്രസിഡന്റ് അബ്ദുല് ഫത്താഹ് എല്-സിസി വ്യക്തമാക്കി.
ഹൂതികളുടെ ആക്രമണത്തിന് പിന്നില് ഇറാനാണെന്ന് സൗദി അറേബ്യ ആരോപിച്ചെങ്കിലും തെഹ്റാന് ഇത് നിഷേധിച്ചു. രാഷ്ട്രീയ പരിഹാരത്തിന് പിന്തുണയ്ക്കുന്നുവെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചെങ്കിലും, യെമന് സര്ക്കാര് ഈ വാഗ്ദാനം തള്ളി. ഹൂതികള്ക്കെതിരെയുള്ള സഖ്യസേനയുടെ വ്യോമാക്രമണങ്ങള് തുടരുകയാണ്.
Related News