ദോഹ: ഖത്തറില്‍ ക്രൂസ് സീസണിന് ആവേശം പകരാന്‍ ഏറ്റവും വലിയ കപ്പലായ എം.എസ്.സി യുറീബിയ ദോഹ തീരത്തെത്തി. 4576 യാത്രക്കാരും 1665 ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണ് ഞായറാഴ്ച ദോഹ തുറമുഖത്തെത്തിയത്. 3 മീറ്റര്‍ നീളവും 43 മീറ്റര്‍ വീതിയുമുള്ള യുറീബിയ ഇതാദ്യമായാണ് ദോഹയില്‍ എത്തുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ഖത്തറിലേക്ക് യാത്ര നടത്തുന്ന കപ്പലുകളിലൊന്നും യുറീബിയയായിരിക്കും. ഏപ്രില്‍വരെ നീളുന്ന സീസണില്‍ 20ഓളം സന്ദര്‍ശനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
റിസോര്‍ട്ട് വേള്‍ഡ് വണ്‍ ക്രൂയിസ് ആഡംബര കപ്പലാണ് ഈ സീസണില്‍ ആദ്യം ദോഹ തീരത്ത് നങ്കൂരമിട്ടത്.ക്രൂയിസ് ടൂറിസത്തിന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ പ്രാധാന്യമാണ് ഖത്തര്‍ നല്‍കുന്നത്. 2024 നവംബര്‍ മുതല്‍ 2025 ഏപ്രില്‍ വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പുതിയ ക്രൂയിസ് സീസണില്‍ 90-ലധികം ക്രൂയിസ് കപ്പലുകളും 430,000 യാത്രക്കാരെയുമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ക്രൂയിസ് സീസണായിരിക്കും ഇതെന്നാണ് കണക്കുകൂട്ടല്‍.
മെയിന്‍ ഷിഫ് 4,എയ്ഡാപ്രിമ,കോസ്റ്റ സ്മെറാള്‍ഡ, നോര്‍വീജിയന്‍ സ്‌കൈ, സെലസ്റ്റിയല്‍ ജേര്‍ണി തുടങ്ങി ക്രൂയിസ് വിനോദസഞ്ചാര മേഖലയിലെ പ്രശസ്തമായ ആഡംബര കപ്പലുകള്‍ വരും ദിവസങ്ങളില്‍ ദോഹ തുറമുഖത്ത് എത്തും.2023 ക്രൂയിസ് സീസണില്‍ 73 ക്രൂയിസ് കപ്പലുകളും 347,000-ലധികം സന്ദര്‍ശകരുമാണ് ദോഹയില്‍ എത്തിയത്.
Related News