തിരുവനന്തപുരം: കേരളം സമ്പൂര്‍ണ ഇ-സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് മാറിയ ആദ്യ സംസ്ഥാനമായി. ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്റ്റാമ്പ് പേപ്പറുകള്‍ക്കു കൂടി ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തിയതോടെയാണിത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ-സ്റ്റാമ്പിംഗ് നേരത്തെ നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ സ്റ്റാമ്പ് പേപ്പര്‍ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ഈ നടപടി. വെണ്ടര്‍മാര്‍ക്ക് അവരുടെ കൈവശമുള്ള ഫിസിക്കല്‍ സ്റ്റാമ്പ് പേപ്പറുകളുടെ ശേഷിക്കുന്ന സ്റ്റോക്ക് വില്ക്കാന് 2025 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ തീയതിക്ക് ശേഷം, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പ് പേപ്പറുകള്‍ ഉള്‍പ്പെടുന്ന എല്ലാ ഇടപാടുകള്‍ക്കും ഇ-സ്റ്റാമ്പിംഗ് മാത്രമാണ് അനുവദിക്കുക.
പരമ്പരാഗത പേപ്പര്‍ അധിഷ്ഠിത സ്റ്റാമ്പുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങള്‍ ഇ-സ്റ്റാമ്പ് പേപ്പറുകള്ക്കുണ്ട്. വ്യാജ സ്റ്റാമ്പ് പേപ്പറുകളുടെ സാധ്യത ഇല്ലാതാക്കാനാവുമെന്നു മാത്രമല്ല, സ്റ്റാമ്പിനായി അടച്ച തുകയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിക്കാനും കഴിയും.
രജിസ്ട്രേഷന് വകുപ്പിന്റെ https://pearl.registration.kerala.gov.in വെബ്സൈറ്റില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് തിരഞ്ഞെടുത്ത് ഇ-സ്റ്റാമ്പിംഗ് ഉപയോഗിച്ച് സെയില്‍ ഡീഡുകള്‍ രജിസ്റ്റര്‍ ചെയ്യാം. https://estamp.kerala.gov.in അല്ലെങ്കില്‍ https://pearl.registration.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപയോക്താക്കള്‍ക്ക് ഇ-സ്റ്റാമ്പുകളുടെ ആധികാരികത പരിശോധിക്കുകയും ചെയ്യാം.
Related News