ന്യൂദല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്‌മെന്റിന്റെ (IIMAD) സഹകരണത്തോടെ പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) തുടങ്ങുന്ന പ്രവാസി ഹെല്‍പ്ഡെസ്‌കിന്റെ ധാരണാപത്രം ഡിസംബര്‍ 23 തിങ്കളാഴ്ച്ച ഒപ്പുവയ്ക്കും. തിരുവനന്തപുരത്താണ് ചടങ്ങ് നടക്കുന്നത്. പ്രവാസി ലീഗല്‍ സെല്ലിനുവേണ്ടി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമും IIMADക്കുവേണ്ടി അധ്യക്ഷന്‍ പ്രൊഫ. ഇരുദയരാജനുമാണ് ധാരണാപത്രം ഒപ്പിടുന്നത്. പ്രവാസികള്‍ക്ക് തങ്ങളുടെ നിയമപരമായ പ്പ്രശ്‌നങ്ങള്‍ക്ക് വിവിധങ്ങളായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഹെല്‍പ്ഡെസ്‌ക് മുഖേന ലഭ്യമാക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് പ്രവാസി ലീഗല്‍ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ പറഞ്ഞു. തിരുവന്തപുരം ആസ്ഥാനമായാണ് പ്രവാസി ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തിക്കുക.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. നിലവില്‍ വിദേശ ജോലികളുടെ മറവില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന മനുഷ്യക്കടത്തുകള്‍ക്കിരയായ നിരവധി പ്രവാസികള്‍ക്കാണ് ഇതിനകം പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്.
വിദേശത്തേക്കുള്ള തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലും പ്രവാസി ലീഗല്‍ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിന്റെ ഭാഗമായി കേരളാ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സര്‍ക്കാരിനുള്ള നിര്‍ദേശവും ലീഗല്‍ സെല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ആരംഭിക്കുന്ന പ്രവാസി ഹെല്‍പ്ഡെസ്‌ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ തുണയാകുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവും ബഹറിന്‍ ചാപ്റ്റര്‍ അധ്യക്ഷനുമായ സുധീര്‍ തിരുനിലത്ത്, ദുബായ് ചാപ്റ്റര്‍ അധ്യക്ഷന്‍ ടി.എന്‍. കൃഷ്ണകുമാര്‍ അബുദാബി ചാപ്റ്റര്‍ അധ്യക്ഷന്‍ ജയപാല്‍ ചന്ദ്രസേനന്‍, ഷാര്‍ജ-അജ്മാന്‍ ചാപ്റ്റര്‍ അധ്യക്ഷ ഹാജിറാബി വലിയകത്ത്, യുകെ ചാപ്റ്റര്‍ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, വനിതാ വിഭാഗം ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് ഷൈനി ഫ്രാങ്ക് എന്നിവര്‍ പറഞ്ഞു.
Related News