റിയാദ്: സൗദി അറേബ്യ ഫ്രാന്‍സ് നയതന്ത്ര, വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാകുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പില്‍ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത്. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍, പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍, അതിനായി നടത്തുന്ന ശ്രമങ്ങള്‍ എന്നിവക്ക് പുറമേ ഇരു രാജ്യങ്ങളിലും ലഭ്യമായ വിഭവങ്ങള്‍ നിക്ഷേപിക്കാനുള്ള അവസരങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ വന്‍ സ്വീകരണമാണ് ഫ്രഞ്ച് പ്രസിഡന്റിന് നല്‍കിയത്.
കൂടിക്കാഴ്ചക്കു ശേഷം സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ച ചടങ്ങിനും ഇരുവരും സാക്ഷ്യം വഹിച്ചു. സൗദി അറേബ്യക്ക് വേണ്ടി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഫ്രാന്‍സിന് വേണ്ടി യൂറോപ്പ് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബറോട്ടുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
സൗദിയുമായി എല്ലാ മേഖലകളിലും ഫ്രാന്‍സ് സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഊര്‍ജം, പ്രതിരോധം, ഗതാഗതം, സാംസ്‌കാരികം എന്നീ മേഖലകളില്‍ സൗദി അറേബ്യയും ഫ്രാന്‍സും തമ്മിലുള്ള സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപവത്കരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് താന്‍ സാക്ഷ്യം വഹിച്ചതായി എക്‌സ് അക്കൗണ്ടില്‍ അദ്ദേഹം കുറിച്ചു.
നിക്ഷേപ മേഖലയില്‍ വന്‍കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. സൗദിയില്‍ ഫ്രാന്‍സ് ഇതുവരെ 1700 കോടി യൂറോയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 300 കോടി യൂറോയുടെ നിക്ഷേപമാണ് ഫ്രാന്‍സ് നടത്തിയത്. ഇതോടെ സൗദിയില്‍ ഏറ്റവും അധികം നിക്ഷേപങ്ങള്‍ നടത്തിയ രണ്ടാമത്തെ രാജ്യമായി ഫ്രാന്‍സ് മാറി. കഴിഞ്ഞ വര്‍ഷം സൗദിയും ഫ്രാന്‍സും തമ്മിലുള്ള വ്യാപാര ഇടപാടുകളിലും വന്‍ പുരോഗതി കൈവരിച്ചു. ആയിരത്തിലേറെ കോടി യൂറോയുടെ വ്യാപാരം നടന്നതായാണ് കണക്ക്.
Related News