കുവൈത്ത് സിറ്റി: പ്രവാസികളെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്നും മറ്റു രാജ്യങ്ങളിലാണെങ്കിലും ഇന്ത്യക്കാരാണെന്ന മൂല്യം നമ്മള്‍ കൈവിടാറില്ലെന്നത് നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ നമ്മെ നയിക്കുന്നതിനാലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി ശൈഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
രാജ്യം ഡിജിറ്റലൈസേഷന്‍ പാതയിലാണ്. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ പ്രവാസികളെ പ്രധാനമന്ത്രി ക്ഷണിച്ചു.
നീണ്ട ഇടവേളക്കുശേഷം കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആവേശപൂര്‍വമാണ് കുവൈത്ത് അധികൃതരും ഇന്ത്യന്‍ പ്രവാസി സമൂഹവും സ്വീകരിച്ചത്. കുവൈത്ത് സിറ്റിയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന പ്രവാസി വ്യാപാര-സംഘടന യോഗത്തിലും ശൈഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന കമ്യൂനിറ്റി ഇവന്റിലും നിരവധി പേരാണ് പങ്കെടുത്തത്. കുവൈത്ത് സിറ്റിയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍, അസോസിയേഷന്‍ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെയും വിവിധ കലാപ്രകടനങ്ങളുടെയും അകമ്പടിയോടെയാണ് മോദിയെ സ്വീകരിച്ചത്. കലാ പ്രകടനങ്ങള്‍ പ്രധാനമന്ത്രി വീക്ഷിച്ചു.
കുവൈത്തുമായുള്ള ചരിത്രപരമായ ബന്ധത്തെ ആഴത്തില്‍ വിലമതിക്കുന്നതായും ഇന്ത്യയും കുവൈത്തും ശക്തമായ വ്യാപാര-ഊര്‍ജ പങ്കാളികള്‍ മാത്രമല്ല പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയില്‍ താല്‍പര്യം പങ്കിടുന്നവര്‍കൂടിയാണെന്നും സന്ദര്‍ശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് മേഖലയിലെ പ്രധാന കായിക ഇനമായ അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതിന് കുവൈത്ത് നേതൃത്വത്തിന് നന്ദി അറിയിക്കുന്നു. ഈ സന്ദര്‍ശനം ഇന്ത്യയിലെയും കുവൈത്തിലെയും ജനങ്ങള്‍ തമ്മിലുള്ള സവിശേഷമായ ബന്ധവും സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും നരേന്ദ്ര മോദി കുവൈത്തിലേക്ക് യാത്ര പുറപ്പെടും മുന്‍പ് പറഞ്ഞു.
ഫോട്ടോ: അറേബ്യന്‍ കപ്പ് ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ സബാഹും.
Related News