പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ ഉണ്ടായ വഹനാപകടത്തില്‍ പ്രവാസിയായ നവദമ്പതികളടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. വിവാഹ ശേഷം മധുവിധു ആഘോഷിക്കാന്‍ മലേഷ്യയില്‍ പോയി തിരിച്ചു വരികയായിരുന്ന മല്ലശ്ശേരി സ്വദേശികളായ നിഖില്‍ (29) അനു (26), നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആന്ധ്രയില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. മൂന്നു പേര്‍ സംഭവ സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നിഖില്‍ കാനഡയിലാണ് ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 30ന് ആയിരുന്നു ഇവരുടെ വിവാഹം. അതിനു ശേഷം മധുവിധു ആഘോഷിക്കാന്‍ മലേഷ്യയില്‍ പോയതായിരുന്നു. തിരിച്ചെത്തിയ ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പിതാക്കന്‍മാര്‍ സ്വീകരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്നതിനിടെയാണ് അപകടം. വീടെത്താന്‍ ഏഴു കിലോമീറ്റര്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ബസില്‍ 19 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. ബസിന്റെ മുന്‍ഭാഗം തകര്‍ന്നുവെങ്കിലും ഇവര്‍ക്കാര്‍ക്കും പരിക്കില്ല. ബസിന്റെ വലതു വശത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫോട്ടോ: മരിച്ച നിഖിലും അനുവും.
Related News