പ്രണയിനീ നീയിന്നെവിടെ,
അലയുന്നെന്‍ മിഴികള്‍ നിനക്കായി
പിടയുന്നെന്‍ മനം നിന്നോര്‍മ്മകളാല്‍....
അന്നു നിന്‍ മിഴിയിണ കോണില്‍
നാണത്താല്‍ തുളുമ്പിയ സ്‌നേഹം
ബന്ധനസ്ഥനാക്കിയെന്നെ,
നിന്‍ ഹൃദയക്കൂട്ടില്‍...
നിന്റെ കരങ്ങളില്‍ കിലുങ്ങും വളകളും
പാദങ്ങളില്‍ തിളങ്ങും പാദസരങ്ങളും
മുത്ത് പൊഴിയും നിന്‍ പുഞ്ചിരിയും
തേനൂറും നിന്‍ കിളിക്കൊഞ്ചലും
എനിയ്‌ക്കേകി നീ പ്രണയത്തിന്‍
ദിവ്യാനുഭൂതി...
നിന്‍ ഹൃദയവീണ മീട്ടിയ
സ്‌നേഹ രാഗത്തിന്‍ ലോലഭാവം
നിറച്ചെന്‍ ഹൃദയത്തില്‍
അനുരാഗ കരിക്കിന്‍ വെള്ളമൊരു
പാലമൃതായ്....
കൂടുവിട്ട് പറന്നകന്നു നീയിന്ന്
ബന്ധസ്ഥനാണ് ഞാനിന്നും
നിന്റെ ഹൃദയക്കൂട്ടിലേകനായ്
പറക്കാനാവില്ലെനിയ്ക്ക്
കൂടെ പറക്കാന്‍ നീയില്ലാതെ
തുണയായിണയായ്....
നിത്യവും പൂക്കും തുമ്പപൂ
പോല്‍ വെളൂത്ത പാരിജാത
പൂക്കളില്‍ തേടി ഞാന്‍ നിന്നെ...
രാത്രിയില്‍ വിടര്‍ന്ന് സുഗന്ധം
പരത്തും നിശാഗന്ധിയിലും
തേടി ഞാന്‍ നിന്നെ....
വസന്തത്തില്‍ വിടര്‍ന്ന
പൂക്കളിലൊക്കെയും
തേടി ഞാന്‍ നിന്നെ....
ചില്ലകളിള്‍ തളിരിട്ട പുതു നാമ്പുകളില്‍
പരതിയെന്‍ മിഴികള്‍ നിനക്കായി
മകരമഞ്ഞിലെ പുല്‍ക്കൊടി
തുമ്പില്‍ തുളുമ്പി നിന്ന
ഹിമകണം നീയായിരുന്നുവോ...?
ഞെട്ടറ്റു വീണ ചെമ്പകപൂവിന്‍
ദളങ്ങള്‍ നിന്റേതായിരുന്നുവോ..?
നീലവാനില്‍ മുകിലായി പറന്ന്
മഴനൂലുകളായ്ഊര്‍ന്നിറങ്ങി
ഊഴി തന്‍ ഉള്ളറയില്‍
സുഷുപ്തിയിലാണ്ടുവോ നീ...
എന്‍ പേന തുമ്പില്‍ വിരിയും
കവിതകള്‍ നീയാണ്...
പ്രണയവും നീ തന്നെയാണ്.
ഹാഷിം കുന്നുകര, ആലുവ
Related News