കൊച്ചി: കൊച്ചിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച എറണാകുളം മാര്‍ക്കറ്റ് ലോകോത്തര നിലവാരത്തിലേക്ക് മാറുന്നു. കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള 1.63 ഏക്കര്‍ സ്ഥലത്ത് 72 കോടി രൂപ ചെലവില്‍ 19,990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 4 നിലകളിലായാണ് മാര്‍ക്കറ്റ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. ഇത്തരമൊരു മാര്‍ക്കറ്റ് സമുച്ചയം കേരളത്തില്‍ ഇതാദ്യമാണ്. കൊച്ചി കോര്‍പറേഷന് വേണ്ടി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് ആധുനിക നിലവാരത്തില്‍ മാര്‍ക്കറ്റ് ഒരുക്കിയത്. ഇതിന്റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 14) വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഇതോടൊപ്പം മാര്‍ക്കറ്റില്‍ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും നടക്കും. 120 കാറുകളും 100 ബൈക്കുകളും പാര്ക്ക് ചെയ്യാന് കഴിയുന്ന പാര്‍ക്കിംഗ് സമുച്ചയം 24.65 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.
സ്ഥലമില്ലായ്മയും മാലിന്യപ്രശ്‌നവും മൂലം വീര്‍പ്പുമുട്ടിയിരുന്ന എറണാകുളം മാര്‍ക്കറ്റിന് ശാപമോക്ഷമൊരുക്കിയ കോര്‍പറേഷനെയും സിഎസ്എംഎല്ലിനെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ലോകോത്തര നഗരങ്ങളിലെ ആധുനിക മാര്‍ക്കറ്റുകളോട് താരതമ്യപ്പെടുത്താനാവുന്ന നിലയിലാണ് മാര്‍ക്കറ്റ് ഒരുക്കിയത്. കൊച്ചിയുടെ പ്രത്യേകതകളാകെ ഉള്‍ച്ചേര്‍ത്ത നിര്‍മ്മാണരീതിയാണ് അവലംബിച്ചത്. വിനോദസഞ്ചാര രംഗത്തുള്‍പ്പെടെ കൊച്ചിയുടെ കുതിപ്പിന് പുതിയ ഊര്‍ജമേകാന്‍ എറണാകുളം മാര്‍ക്കറ്റിന് കഴിയും. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്കും, പാര്‍ക്കിംഗിനുമുള്‍പ്പെടെ നല്‍കിയ പ്രാധാന്യവും എടുത്തു പറയേണ്ടതാണ്.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് എറണാകുളം മാര്‍ക്കറ്റിനും. കാലങ്ങളായി നഗരത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആശ്രയിച്ചു പോന്ന മാര്‍ക്കറ്റിന്റെ കാലാനുസൃതമായ വികസനത്തിനായി രണ്ടു പതിറ്റാണ്ടിലേറെയായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഒന്നും പ്രാവര്‍ത്തികമായിരുന്നില്ല. ആ ലക്ഷ്യമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നത്. ക്രെസെന്റ് കോണ്‍ട്രാക്ടര്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കരാറുകാര്‍. മാര്‍ക്കറ്റിന്റെ തൊട്ടു അടുത്ത് തന്നെ സ്ഥലം കണ്ടെത്തുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടി അഞ്ചു കോടി രൂപ ചിലവഴിച്ച് താത്കാലിക മാര്‍ക്കറ്റ് പണിത് 200 ലേറെ കച്ചവടക്കാരെ മാറ്റിയ ശേഷമായിരുന്നു പുതിയ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം.
ലോകോത്തര മാര്‍ക്കറ്റിനു ഉതകുന്ന രീതിയില്‍, സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനു പ്രത്യേക സ്ഥലം, ശൗച്യാലയങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, അഗ്‌നിസുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍, സുരക്ഷാ ക്യാമറകള്‍, മഴവെള്ള സംഭരണി, ജല വിതരണത്തിനു വേണ്ടി 30000 ലിറ്റര്‍ ശേഷിയുള്ള ജല ടാങ്ക്,, കാര്‍ പാര്‍ക്കിംഗ്, റാംപ് സൗകര്യം, മാലിന്യ സംസ്‌കരണ സംവിധാനം, കൃത്യതയോടെ രൂപം നല്‍കിയ ഡ്രയിനേജ് സിസ്റ്റം, ലിഫ്റ്റുകള്‍ തുടങ്ങിയവയെല്ലാം ഒരുക്കിക്കൊണ്ടാണ് പുതിയ എറണാകുളം മാര്‍ക്കറ്റ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. 1070 കോടിയുടെ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡില്‍ 500 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും 70 കോടി രൂപ കോര്‍പറേഷന്റെയും വിഹിതമാണ്. ശേഷിക്കുന്ന 500 കോടി രൂപയാണ് കേന്ദ്രവിഹിതം. കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന 750 കോടി രൂപയുടെ പദ്ധതികള്‍ സിഎസ്എംഎല്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
കടകളും സൌകര്യങ്ങളും
275 കട മുറികളാണ്മാര്‍ക്കറ്റ് കോംപ്ലക്‌സിലുള്ളത്. ഇതില്‍ 130 എണ്ണം പച്ചക്കറി ഷോപ്പുകളും, 52 എണ്ണം സ്റ്റേഷനറി കടകളും, 28 എണ്ണം ഇറച്ചി - മത്സ്യ ഷോപ്പുകളുമാണ്. നേന്ത്രക്കായ ഉള്‍പ്പടെയുള്ളവയുടെ കച്ചവടത്തിനായി 34 ഷോപ്പുകള്‍, 7 പഴക്കടകള്‍, മുട്ട വില്‍പ്പനയ്ക്കായി 3 ഷോപ്പുകള്‍ എന്നിവയും പുതിയ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ ഉണ്ട്. ഗ്രൗണ്ട് ഫ്‌ലോറില്‍ മാത്രം 183 ഷോപ്പുകള്‍ ഉണ്ടാവും. ഭാവിയില്‍ ആവശ്യമെങ്കില്‍ രണ്ടും മൂന്നും നിലകളില്‍ കൂടുതല്‍ ഷോപ്പുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഇതിനു പുറമെ ഏറ്റവും മുകളിലത്തെ നിലയില്‍ ഫുഡ് കോര്‍ട്ടിനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ഇറച്ചി മല്‍സ്യ കച്ചവടക്കാര്‍ക്ക് ഉള്ള സ്ഥലം ഒന്നാം നിലയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്നുള്ള മണം മറ്റു നിലകളിലേക്ക് പടരാതിരിക്കാന്‍ തുറസ്സായ കട്ട് ഔട്ടുകള്‍ക്ക് ടാംപേര്‍ഡ് ഗ്ലാസ് പാര്‍ട്ടീഷനുകള്‍ കൊടുത്തിട്ടുണ്ട്. 3 ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകള്‍ ആണ് ഈ ഏരിയയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ സുഗമമായ വായു സഞ്ചാരം ഉറപ്പു വരുത്തുന്നതിന് എയര്‍ സര്‍ക്കുലേഷന്‍ യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി 40 KW ശേഷിയുള്ള സോളാര്‍ പാനലുകള്‍ മാര്‍ക്കറ്റിന്റെ ടെറസ്സില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഷോപ്പുകളിലും സ്മാര്‍ട്ട് മീറ്ററുകള്‍ നല്‍കിയിട്ടുണ്ട്. സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കാനായി 500 kvA, 250 kvA ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കുന്നതിനായി 320kvA, 180 kvA യുടെ രണ്ട് ഡീസല്‍ ജനറേറ്ററുകളും സജ്ജമാണ്. 4 ലിഫ്റ്റുകള്‍ ഉണ്ട്. 17 പേരെ കയറ്റാനാവുന്ന രണ്ട് പാസഞ്ചര്‍ ലിഫ്റ്റുകളും, 2.5 ടണ്‍ കപ്പാസിറ്റി ഉള്ള 2 ഗുഡ്‌സ് ലിഫ്റ്റുകളുമുണ്ട്. ഇതിനു പുറണെ മുകള്‍ നിലകളിലുള്ള കമേഴ്സ്യല്‍ സ്‌പെസിനായി ആയി 17 nos കപ്പാസിറ്റി ഉള്ള ഒരു ലിഫ്റ്റും കൂടി സജ്ജമാക്കിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണം
കച്ചവടക്കാര്‍ ഉള്‍പ്പടെ മാര്‍ക്കറ്റില്‍ എത്തുന്ന എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ വിവിധ നിലകളിലായി 82 ശൗച്യാലയങ്ങളുണ്ട്. ഖര ദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് കോര്‍പറേഷന് നല്‍കിയ 15 കോംപാക്റ്ററുകളും പുതിയ എറണാകുളം മാര്‍ക്കറ്റിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കരുത്തേകും. ഈ കോംപാക്റ്ററുകള്‍ വഴിയാകും ബാക്കിവരുന്ന മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തെ പ്ലാന്റിലേക്ക് കൊണ്ടുപോവുക. ദ്രവ മാലിന്യ സംസ്‌കരണത്തിനായി പി സി ബി (PCB) മാനദണ്ഡ പ്രകാരം 100 KLD സീവേജ് ടീറ്റ്‌മെന്റ് പ്ലാന്റ് (STP) ബേസ്മെന്റില്‍ ഒരുക്കിയിട്ടുണ്ട്. ദിനംപ്രതിയുണ്ടാകുന്ന മാലിന്യങ്ങളില്‍ ഒരു ടണ്ണോളം ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റാനുള്ള ഖരമാലിന്യ സംസ്‌കരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പാര്‍ക്കിംഗ്
ബേസ്മെന്റിലും ഗ്രൗണ്ടിലുമായി 101 പാര്‍ക്കിംഗ് സ്‌പേസുകള്‍ ഉണ്ട്. ഇവിടെ കാറുകള്‍ /.LMV /ചെറു ലോറികള്‍ എന്നിവ പാര്‍ക്ക് ചെയ്യാനാകും. ഇവ ആവശ്യാനുസരണം ഒരു സ്‌പേസില്‍ ചുരുങ്ങിയത് 6 എന്ന നിലക്ക് 2 വീലര്‍ പാര്‍ക്കിങ്ങിന് ആയി ഉപയോഗിക്കുവാനും സാധിക്കും . ഇത് കൂടാതെ ലോഡിങ് അണ്‍ലോഡിങ് ആവശ്യങ്ങള്‍ കൂടി കണക്കാക്കി ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒന്നാം നിലയില്‍ ഉള്ള കച്ചവടക്കാരുടെ സൗകര്യാര്‍ത്ഥം ഓട്ടോ പെട്ടി വണ്ടികള്‍ക്കു ഉപയോഗിക്കുന്നതിനായി ഒരു റാംപ് കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ആദ്യത്തെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സമുച്ചയം സ്ഥാപിക്കുന്നതും എറണാകുളം മാര്‍ക്കറ്റിലാണ്. 120 കാറുകളും 100 ബൈക്കുകളും പാര്ക്ക് ചെയ്യാന് കഴിയുന്ന 24.65 കോടി രൂപ മുടക്കി നിര്മ്മിക്കുന്ന പ്രസ്തുത പാര്ക്കിംഗ് സമുച്ചയം ഉടന്‍ തന്നെ സജ്ജമാകും.
Related News