ജിദ്ദ: ഫ്‌ലൈനാസ് ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഡിസംബര്‍ 28ന് സര്‍വീസ് തുടങ്ങും. റിയാദ് ആസ്ഥാനമായി 2007ല്‍ സര്‍വീസ് ആരംഭിച്ച സൗദി അറേബ്യയിലെ പ്രൈവറ്റ് വ്യോമയാന കമ്പനിയായ ഫ്‌ലൈനാസ് അതിന്റെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ്. വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ മെഗാ ആഡംബര ടൂറിസ്റ്റ് കേന്ദ്രമാണ് റെഡ്സീ നഗരം. അവിടേക്കുള്ള വിമാനത്താവളമാണ് തബൂക് റീജിയണിലെ ഹനാക് ഏരിയയിലുള്ള റെഡ്സീ ഇന്റര്‍നേഷണല്‍ എയര്‍പോര്‍ട്ട്.
1,500-ലധികം പ്രതിവാര ഫ്‌ലൈറ്റുകളിലൂടെ 70-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലാണ് നിലവില്‍ ഫ്‌ലൈനാസ് സര്‍വീസ് നടത്തുന്നത്. 2007 ല്‍ നിലവില്‍ വന്ന ശേഷം 80 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചിട്ടുണ്ട് ഫ്‌ലൈനാസ് വിമാനങ്ങള്‍. വിപുലീകരണ പദ്ധതിയുടെ ഭാഗമായി 165 ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ഫ്‌ലൈനാസ് പദ്ധതിയിടുന്നത്.
2023 സെപ്റ്റംബറിലാണ് സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തെ ആഡംബര ടൂറിസം കേന്ദ്രമായ റെഡ് സീ നഗരത്തിലേക്കുള്ള റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത്. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഉംലുജ്, അല്‍-വജ് നഗരങ്ങള്‍ക്കിടയില്‍ തബൂക്ക് പ്രവിശ്യയില്‍ 28,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് റെഡ് സീ പദ്ധതി സ്ഥിതി ചെയ്യുന്നത്.
റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ നിന്ന് ആഴ്ചയില്‍ നാലും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ നിന്ന് ആഴ്ചയില്‍ രണ്ടും ഫ്‌ലൈറ്റുകള്‍ റെഡ്സീ വിമാനത്താവളത്തിലേക്ക് നിലവിലുണ്ട്. അതുപോലെ, ദുബായില്‍ നിന്ന് ആഴ്ചയില്‍ രണ്ട് ഫ്‌ലൈറ്റുകളും ഉണ്ട്.
2030-ല്‍ പൂര്‍ത്തിയാകുമ്പോള്‍, 22 ദ്വീപുകളിലും ആറ് ഉള്‍നാടന്‍ സൈറ്റുകളിലുമായി മൊത്തം 8,000 മുറികളുള്ള 50 ഹോട്ടലുകളും 1,000-ലധികം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും റെഡ് സീ പ്രോജക്ടിന്റെ ഭാഗമായി നിലവില്‍ വരും. ലോകത്തെ ഏറ്റവും മികച്ച ജീവിത സൗകര്യങ്ങള്‍ മുതല്‍ പ്രകൃതിദത്തമായ ലാളിത്യം വരെ വിനോദസഞ്ചാരികള്‍ക്കായി സജ്ജമാക്കുകയാണ് റെഡ്സീ നഗരത്തില്‍.
Related News