ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ബെംഗളൂരുവില്‍ നടന്നു. റോയി അന്ത്യനിദ്രയ്ക്കായി തിരഞ്ഞെടുത്ത സ്വന്തം റിസോര്‍ട്ടായ ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്സ് ലക്ഷ്വറിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. റോയിയുടെ അഭിലാഷപ്രകാരം കുടുംബാംഗങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.
ആയിരങ്ങളാണ് റോയിയുടെ അവസാനമായി കാണാന്‍ ബന്നാര്‍ഘട്ടയിലെത്തിയത്. ഭാര്യ, സഹോദരന്‍, മക്കള്‍ ഉള്‍പ്പെടെ അന്ത്യചുംബനം നല്‍കി യാത്രയാക്കി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ റിസോര്‍ട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. 2.30-ന് കാല്‍ക്കരെ സെയ്ന്റ് ജോസഫ്സ് പള്ളിയില്‍ സംസ്‌കാരശുശ്രൂഷ നടത്തി. പിന്നാലെ റിസോര്‍ട്ടിലേക്കെത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റോയിയുടെ സഹോദരന്‍ സി.ജെ. ബാബു ആരോപിച്ചു. മരണം അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപംനല്‍കിയിട്ടുണ്ട്.
Related News