മൈനാഗപ്പള്ളി: സൗദി കെ.എം.സി.സി തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റിയുടെ 'ഹിമായ' സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ അന്തരിച്ച ഇടവനശ്ശേരി സ്വദേശി മുഹമ്മദ് കുഞ്ഞിന്റെ കുടുംബത്തിനുള്ള മരണാനന്തര ആനുകൂല്യം കൈമാറി. ഹിമായ പദ്ധതിയില്‍ നിന്നുള്ള ഒരു ലക്ഷം രൂപയുടെ ആദ്യഘട്ട വിഹിതം മുസ്ലിം ലീഗ് കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഖുറൈശി, മൈനാഗപ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇടവനശ്ശേരി സലാഹുദ്ദീന് കൈമാറി.
ചടങ്ങില്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പോരുവഴി ഹുസൈന്‍, സെക്രട്ടറി മുകളുംപുറം അബ്ദുസ്സലാം, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുസമദ് മുകളുംപുറം, ഉമറുല്‍ ഫാറൂഖ്, ഷാജി പൂക്കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ തുഖ്ബ കെ.എം.സി.സി നടപ്പിലാക്കി വരുന്ന ഹിമായ സാമൂഹ്യ സുരക്ഷാ പദ്ധതി പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രവാസികള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ നടപ്പാക്കി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സഹായങ്ങളും നല്‍കി വരുന്നുണ്ടെന്ന് കെ.എം.സി.സി ഭാരവാഹികള്‍ വ്യക്തമാക്കി.
ഫോട്ടോ:
മരണപ്പെട്ട ഇടവനശ്ശേരി സ്വദേശിയുടെ കുടുംബത്തിനുള്ള സൗദി തുഖ്ബ കെ.എം.സി.സി ഹിമായ പദ്ധതി മരണാനന്തര ആനുകൂല്യം മുഹമ്മദ് ഖുറൈശി ഇടവനശ്ശേരി സലാഹുദ്ദീന് കൈമാറുന്നു.
Related News