യാത്ര എനിക്ക് എന്നും വേറിട്ട അനുഭവങ്ങളാണ് തന്നു കൊണ്ടിരിക്കുന്നത്. ഓരോ യാത്രയ്ക്ക് ശേഷവൂം അടുത്ത യാത്രയ്ക്കുള്ള അന്വേഷണവും മാനസികമായ തയ്യാറെടുപ്പുമാണ് എന്റെ ഊര്‍ജ്ജം. ദീര്‍ഘ നാളുകളായുള്ള ഒരു ആഗ്രഹമായിരുന്നു ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ധാരാളം സവിശേഷതകളുള്ള ജോര്‍ദാനിലേക്കൊരു യാത്ര. അറബ് ലീഗിലെ ഒരു പ്രധാന അംഗമായ ജോര്‍ദാനില്‍ എണ്ണ നിക്ഷേപങ്ങളില്ല. ജോര്‍ദാന്റെ പ്രധാന വരുമാന മാര്‍ഗം കൃഷിയും ടൂറിസവുമാണ്. ചരിത്രത്തിലും സംസ്‌കാരത്തിലും സമ്പന്നമായ ജോര്‍ദാന്‍ പ്രകൃതിദത്ത അത്ഭുതങ്ങള്‍ കൊണ്ടും മതപരമായ വിനോദസഞ്ചാരങ്ങള്‍ കൊണ്ടും സമ്പന്നമാണ്. പ്രകൃതിയുടെ അത്ഭുത കാഴ്ചകള്‍ നിറഞ്ഞ ഒരിടമാണ് വാദിറം. ജോര്‍ദാന്‍ യാത്രയില്‍ കുടുംബവുമായി വാദിറമ്മിലേക്ക് നടത്തിയ അവിസ്മരണീയമായ യാത്രയുടെ അനുഭവങ്ങളാണ് ഞാന്‍ ഇതിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്.
ഞങ്ങള്‍ ആദ്യം നമ്മള്‍ വായിച്ചു പഠിച്ച ചരിത്ര സാക്ഷ്യങ്ങളായ ജോര്‍ദാനിലെ ചാവുകടല്‍ നേരിട്ട് കാണുവാനും അതിന്റെ പ്രത്യേകതകള്‍ അറിയുന്നതിനുമായി കുടുംബസമേതം അവിടേയ്ക്ക് യാത്രയായി. ചാവുകടലിന്റെ സൗന്ദര്യം ആസ്വദിച്ച് അതില്‍ നീന്തി കടലിന്റെ മനോഹാരിതയും കണ്‍കുളിര്‍ക്കെ കണ്ട് ഞങ്ങള്‍ അവിടെ നിന്നും വാദിറമ്മിലേക്ക് തിരിച്ചു. അഞ്ചര മണിക്കൂര്‍ നേരത്തെ ദീര്‍ഘമായ സഞ്ചാരത്തിനിടയില്‍ ഞങ്ങള്‍ അക്കബ പോര്‍ട്ടില്‍ എത്തി. അവിടെ നിന്നും മൂന്നര മണിക്കൂര്‍ യാത്ര ചെയ്താണ് വാദിറമ്മിലെത്തിയത്. പോകുന്ന വഴിയിലെ മനോഹരമായ കാഴ്ചകള്‍ പിന്നിട്ട് ജോര്‍ദാനിലെ അക്കബ പോര്‍ട്ട് മുതല്‍ അമ്മാന്‍ വരെ നീണ്ടു കിടക്കുന്ന വിശാലമായ മരുഭൂമിയുടെ നടുവിലൂടെയുള്ള ദേശീയപാതയിലൂടെ വേണം വാദിറമ്മിലേക്ക് എത്താന്‍. ഇരുവശവും ഭീതി പടര്‍ത്തുന്ന രീതിയിലുള്ള കൂറ്റന്‍ മലകളും പാറകളും മരുഭൂമിയും മാത്രമാണ് നമുക്ക് യാത്രയില്‍ ഉടനീളം കാണാന്‍ കഴിയുക. യാത്രയില്‍ റോഡിന് ഒരു വശത്തായി കണ്ട ഉപ്പുകല്‍ പ്രതിമ ലൂത്ത് നബി(അ.സ) ന്റെ ഭാര്യയുടേതാണെന്ന് പറയപ്പെടുന്നു. ഈ പ്രതിമ ആരുടേയും മനസ്സില്‍ കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു.
വാദിറമ്മിലെ പഴയ താമസക്കാരായ അറബികള്‍ ബദുവകള്‍ (ബദുക്കള്‍) എന്നാണ് അറിയപ്പെടുന്നത്. ഇവരെ കണ്ടെത്തി യാത്രയ്ക്കുള്ള സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്തതുകൊണ്ട് ഞങ്ങളുടെ യാത്ര എളുപ്പമായി. അവര്‍ നമ്മളെ എല്ലായ്‌പ്പോഴും ട്രാക്ക് ചെയ്തുകൊണ്ടിരുന്നതിനാല്‍ അവര്‍ പറഞ്ഞ സ്ഥലത്ത് ഒരു പെട്രാള്‍ പമ്പില്‍ കൃത്യമായി ഞങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു. നേരത്തെ തന്നെ ബദുവകളുമായി സംസാരിച്ച് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതിനാല്‍ വാദിറം യാത്രയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കകളില്ലായിരുന്നു. സാധാരണയായി വാദിറം സന്ദര്‍ശിക്കുന്നതിനായി അവിടെയെത്തിയാല്‍ സന്ദര്‍ശകരുടെ കേന്ദ്രത്തില്‍ എത്തി അഞ്ച് ജോര്‍ദാനിയന്‍ ദിനാര്‍ കൊടുത്ത് വാഹനം പാര്‍ക്ക് ചെയ്ത്, അവിടെനിന്നും അവരുടെ വാഹനത്തില്‍ കയറിയാണ് നമ്മുടെ താമസസ്ഥലത്തേക്ക് എത്തിച്ചേരുക. അങ്ങനെ ഞങ്ങള്‍ ഏറെ നാളായി കാണാനാഗ്രഹിച്ച ഭൂമിയിലെ ചൊവ്വ എന്നറിയപ്പെടുന്ന വാദി റമ്മിലെത്തിച്ചേര്‍ന്നു.
തെക്കന്‍ ജോര്‍ദാനില്‍ സ്ഥിതിചെയ്യുന്ന ഒരു മരുഭൂ താഴ്‌വരയാണ് വാദിറം. മണല്‍ കല്ലുകള്‍ക്കും ഗ്രാനെറ്റ് കല്ലുകള്‍ക്കും ഇടയില്‍ രൂപാന്തരപ്പെട്ടിരിക്കുന്ന ഈ താഴ് വര അതിന്റെ ഭൂപ്രകൃതികൊണ്ട് വ്യത്യസ്തമാകുന്നു. സ്വര്‍ണ്ണ നിറത്തിലും ചുവപ്പ് തവിട്ട് നിറങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ മരുഭൂമിയെ വര്‍ണ്ണങ്ങള്‍ കൊണ്ട് നിറയ്ക്കുന്നു. മനസ്സില്‍ മുഴുവനും ബബിള്‍ ടെന്റുകള്‍ നിറഞ്ഞിരുന്നതിനാല്‍ എത്രയും പെട്ടെന്ന് അവിടെ എത്തിച്ചേരണമെന്നാഗ്രഹിച്ചു. അവിടേയ്ക്കുള്ള യാത്ര സുരക്ഷിതമായിരുന്നു എങ്കിലും തുറന്ന ജീപ്പിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരം കുതിരപ്പുറത്തുള്ള സവാരി പോലെയായിരുന്നു. തുറന്ന ജീപ്പില്‍ കയറി ബദുവകളോടൊപ്പം വഴി അറിയാത്ത മരുഭൂമിയിലൂടെ, മറ്റു വെളിച്ചങ്ങള്‍ ഒന്നുമില്ലാതെ വാഹനത്തിന്റെ വെളിച്ചം മാത്രം ഉപയോഗിച്ച് ഇരുട്ടിലൂടെ 20 മിനിറ്റ് യാത്ര ചെയ്ത് ഒരു പ്രകാശം കണ്ട സ്ഥലത്ത് എത്തിച്ചേര്‍ന്ന ഞങ്ങള്‍ കണ്ട കാഴ്ച ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. യാത്രയുടെ സൗന്ദര്യം വിശപ്പിനെ മറച്ചുവെങ്കിലും, ഏകദേശം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നപ്പോള്‍ വിശപ്പ് കൂടിക്കൂടി വന്നു. വിശപ്പിന്റെ കാഠിന്യം കൊണ്ടോ യാത്രയുടെ ക്ഷീണം കൊണ്ടോ സാലഡ് അടങ്ങിയ ജോര്‍ദാനിയന്‍ ഫുഡ് വളരെ രുചികരമായി തോന്നി.
ബബിള്‍ ടെന്റിലെ താമസം അനിര്‍വചനീയമായ ഒന്നായിരുന്നു. ടെന്റിന്റെ ചില്ല് ഭിത്തികളിലൂടെ വിശാലമായ ആകാശവും കണ്ട് മലര്‍ന്നു കിടന്ന് ആസ്വദിച്ച കാഴ്ച കണ്ണില്‍ നിന്നും മറയുന്നില്ല. രാത്രി ആയിരക്കണക്കിന് മിന്നുന്ന നക്ഷത്രങ്ങളെയും പ്രകാശം പരത്തുന്ന പൂര്‍ണ ചന്ദ്രനെയും കണ്ട് നിശ്ശബ്ദമായ മരുഭൂമിയില്‍ ഉറങ്ങുന്നതില്‍ എന്തോ മാസ്മരികമായ ഒരനുഭവമുണ്ട്. പള്ളിമിനാരങ്ങളെ ഓര്‍മപ്പെടുത്തുന്ന രീതിയിലുള്ള ബബിള്‍ ടെന്റുകളിലെ താമസം വിശാലവും ശൂന്യവുമായ മരുഭൂമിയില്‍ ഒരു ബഹിരാകാശ അനുഭവം സൃഷ്ടിച്ച പ്രതീതിയാണ്. രാത്രി ആകാശവും കണ്ട് കിടന്നുറങ്ങിയ ഞങ്ങളെ പ്രഭാതകിരണങ്ങള്‍ തട്ടി ഉണര്‍ ത്തിയതിനാല്‍ എല്ലാ ദിവസത്തേക്കാള്‍ വളരെ നേരത്തെ കണ്‍തുറന്നു. ഒരു മണലാരണ്യത്തില്‍ വലിയ പാറകളുടെ ഇടയില്‍ ഭൂമിയിലെ മറ്റൊരു ഗ്രഹത്തില്‍ കിടന്നുറങ്ങിയ പോലെ തോന്നി. അറ്റമില്ലാത്ത മരുഭൂമി. നീണ്ടുകിടക്കുന്ന മലനിരകള്‍ അവയുടെ ചാരത്ത് സഞ്ചാരികള്‍ക്കായുള്ള കുറെ ടെന്റുകള്‍. രാത്രിയില്‍ ഇങ്ങോട്ടുള്ള യാത്രയില്‍ ഇവയൊന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഈ താഴികക്കുട രീതിയിലുള്ള ടെന്റുകള്‍ മാര്‍ഷ്യന്‍ ഡോംസ്, സ്റ്റാര്‍ പോഡ്‌സ് അല്ലെങ്കില്‍ ബബിള്‍ ടെന്റ്‌സ് എന്നിങ്ങനെ അറിയപ്പെടുന്നു. അവയാണ് അവിടെ താമസിക്കാനുള്ള ആത്യന്തിക മാര്‍ഗം! ചില ടെന്റുകളില്‍ തെളിഞ്ഞ മരുഭൂമിയിലെ ആകാശത്ത് നക്ഷത്രനിരീക്ഷണത്തിനായി രൂപകല്‍പ്പന ചെയ്ത ഒരു സുതാര്യമായ പാനലും ബബിള്‍ ടെന്റിന്റെ പ്രത്യേകതയാണ്. വാദി റം ആസ്വദിക്കുന്നതിനായി മരുഭൂമിയിലെ അടിത്തറയായ ഓരോ കുമിളയ്ക്കും ഒരു കിടക്കയും സ്വകാര്യ ഡെക്കും സ്വകാര്യ കുളിമുറിയും ഉണ്ട്.
ബബിള്‍ ടെന്റില്‍ നിന്നും രാവിലെ പുറത്ത് കടന്ന ഞങ്ങള്‍ വാദിറമ്മിലെ വിവിധ ഭാഗങ്ങള്‍ കാണുന്നതിനായി പുറപ്പെട്ടു. തെക്കന്‍ ജോര്‍ദാനിലെ വാദിറമ്മിലേക്ക് തലസ്ഥാനമായ അമ്മാനില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രകൃതിയുടെ വികൃതിയോ അതോ സൃഷ്ടാവിന്റെ കരവിരുതോ അതില്‍ രൂപം കൊണ്ട ശിലാ പ്രതിമകളും കരിങ്കല്‍ കമാനങ്ങളും അഗാധ ഗര്‍ത്തങ്ങളും മലകളും മരുഭൂമിയും എല്ലാം ചേര്‍ന്ന ഈ താഴ്വര വാലി ഓഫ് മൂണ്‍ എന്നാണ് അറിയപ്പെടുന്നത്. വാദിറമ്മിലേക്കുള്ള യാത്രയില്‍ റോഡിനിരുവശവുമായി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മണല്‍ കാറ്റും വെള്ളപ്പൊക്കവും മൂലം രൂപംകൊണ്ട മഷ്‌റൂം റോക്ക്കളും ഭീമാകാരം പൂണ്ട വലിയ കപ്പലിന്റെ ആകൃതിയിലുള്ള പാറകളും ഭീതിയോടൊപ്പം ആനന്ദവും തരുന്നു. ഈ യാത്രയില്‍ ഞങ്ങളെ ഏറ്റവും ആകര്‍ഷിച്ചത് മഞ്ഞയും ചുവപ്പും വെളുപ്പും നിറത്തിലുള്ള മണലുകളാണ്. ഒരു പൂന്തോട്ടത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന വ്യത്യസ്ത നിറങ്ങളിലുള്ള മണലുകള്‍ ഏറെ ആകര്‍ഷകമായ കാഴ്ചകളില്‍ ഒന്നായിരുന്നു.
അതോടൊപ്പം ഫ്രഞ്ച്കാര്‍ നിര്‍മ്മിച്ച കോട്ടകള്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെട്ടുകല്‍ മലയില്‍ നിന്നും നിര്‍മിച്ച കോട്ട പഴയകാല ചരിത്രം വിളിച്ച് പറയുന്നു. ഈ കോട്ട പിന്നീട് സിനിമ ചിത്രീകരണ കേന്ദ്രമായി മാറിയിരുന്നു. ഇത്രയും ചരിത്രപരമായ പ്രത്യേകതകള്‍ ഉള്ളതിനാലാണ് ഈ പ്രദേശത്തെ യുനെസ്‌ക്കോ സംരക്ഷിത കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഈ മരുഭൂമിയിലെ മണ്ണിന് ചുവന്ന നിറമാണ്. അയണ്‍ ഓക്‌സെഡിന്റെ സാന്നിധ്യമാണ് മണ്ണിന് ചുവപ്പ് നിറം എന്ന് പറയപ്പെടുന്നു. 4000 വര്‍ഷമായി ഈ പ്രദേശത്ത് മനുഷ്യര്‍ താമസിക്കുന്നുണ്ടെന്ന് ചരിത്ര ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈയിടെ പുറത്തിറങ്ങിയ ബ്ലെസ്സി പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടു ജീവിതം ദൃശ്യവല്‍ക്കരിച്ചത് ഈ വാദിറം മരുഭൂമിയുടെ മനോഹാരിതയിലാണ്. നിരവധി ഹോളിവുഡ് സിനിമകളില്‍ വാദി റമ്മിന്റെ അതുല്യമായ ഭൂപ്രകൃതി അവതരിപ്പിച്ചിട്ടുണ്ട്! അവയില്‍ ലോറന്‍സ് ഓ ഫ് അറേബ്യ, ദി മാര്‍ഷ്യന്‍, പ്രാമിത്യൂസ്, റോഗ് വണ്‍, ഡിസ്‌നിയുടെ അലാഡിന്റെ ലെവ്-ആക്ഷന്‍ റീമേക്ക് എന്നിവ ഉള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഭൂപ്രകൃതിയുടെ മറ്റൊരു വിസ്മയമാണ് വാദിറം.
എല്ലാവരും സോളോ യാത്രകളില്‍ ആനന്ദം കണ്ടെത്തുമ്പോള്‍ ഭാര്യയും രണ്ട് ചെറിയ കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തോടൊപ്പം എങ്ങനെ സുഖകരമായി ഇത്തരം യാത്രകള്‍ നടത്താം എന്നുള്ള ഒരു സന്ദേശം കൂടിയാണ് എന്റെ യൂട്യൂബ് ചാനലിലൂടെ ഞാന്‍ നിങ്ങളിലേക്ക് എത്തിക്കുന്നത്. വാദി റമ്മില്‍ കണ്ട കാഴ്ചകള്‍ എല്ലാം വാക്കുകള്‍ കൊണ്ട് വിവരിക്കുന്നതിനും അപ്പുറമാണ്. ഏതാണ്ട് മുപ്പതിലധികം രാജ്യങ്ങള്‍ ഇതിനകം ഞങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.
ഞങ്ങള്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ പ്രത്യേകതകള്‍, ചരിത്രങ്ങള്‍, യാത്രയുടെ സൗന്ദര്യം, സാഹസികത ഇവ എല്ലാം വിവരിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോയു എന്റെ യൂട്യൂബ് ചാനലായ Discovering world ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്റെ വാദിറം യാത്രയെ കുറിച്ചുള്ള വീഡിയോകളും വിവരണങ്ങളും കാണുന്നതിനായി https://youtu.be/Jspyi2qfrma?si=mztausa0k8xg4_wt എന്ന ഈ ലിങ്കില്‍ കയറി വീഡിയോ കാണുകയും ഇതിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്യുമല്ലോ. എല്ലാവരും ചാനല്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും തുടരുന്ന ഞങ്ങളുടെ യാത്രകളുടെ ദൃശ്യാവിഷ്‌ക്കാരങ്ങളുമായി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവും. നിങ്ങള്‍ക്കും ഞങ്ങളുടെ യാത്രകള്‍ ഒരു പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു.
Related News