മനാമ: പ്രവാസികള്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നല്‍കുമെന്ന് കേരള ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പ്രസ്താവിച്ചു. ഡ്രൈവിംഗ് ടെസ്റ്റിന് ഇപ്പോള്‍ ഏറെ കാലതാമസം ഉണ്ടാകുന്നതിനാല്‍ ഒരു മാസത്തെ അവധിക്കു വരുന്ന പ്രവാസികള്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹതര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. പ്രവാസി സമൂഹം വന്‍ കരഘോഷത്തോടെയാണ് മന്ത്രിയുടെ പ്രസ്താവനയെ സ്വീകരിച്ചത്. കേരളീയ സമാജത്തില്‍ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല്‍പതോളം ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ എയര്‍കണ്ടീഷന്‍ സംവിധാനത്തോടെ ആരംഭിക്കുന്നതും, മികച്ച സൗകര്യങ്ങളോടെ ബസ് വെയ്റ്റിങ് ഏരിയകള്‍ ആരംഭിക്കുന്നതും, ദീര്‍ഘദൂര സര്‍വിസുകളില്‍ ബസ് റൂട്ടില്‍ യാത്രക്കാരനു സൗകര്യപ്പെടുന്ന സ്ഥലത്തുനിന്നും ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്ന യാത്രക്കാരനെ കയറ്റുന്ന രീതി, കടന്നുപോകുന്ന ബസില്‍ സീറ്റുണ്ടോ എന്ന് മൊബൈല്‍ ആപ് വഴി അറിയാനുള്ള സംവിധാനം തുടങ്ങി ഒട്ടേറെ പുതിയ പദ്ധിതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ലാകത്തിലെ തന്നെ ഏറ്റവും വലുതും നീണ്ടുനില്‍ക്കുന്നതുമായ ഓണാഘോഷം സംഘടിപ്പിക്കുന്ന ബഹ്റൈന്‍ കേരളീയ സമാജത്തെ മന്ത്രി അഭിനന്ദിച്ചു. തിരുവോണം ഇത്രയും ഊര്‍ജസ്വലരായ സമൂഹത്തോടൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
സമാജം ജനറല്‍ സെക്രെട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ശ്രാവണം ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ്, സമാജം ട്രഷറര്‍ ദേവദാസ് കുന്നത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ദിലീഷ്‌കുമാര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് താമരശ്ശേരി ചുരം ബാന്‍ഡിന്റെ സംഗീത നിശ അരങ്ങേറി.
Related News