ദുബായ്- ഭീതിയുടെയും ആശങ്കയുടേയും രാത്രിയാണിത്. ബുധന്‍ പുലരുമ്പോഴേക്കും പശ്ചിമേഷ്യന്‍ നഗരങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ഉടന്‍ പ്രതികാരം ചെയ്യുമെന്ന ഇസ്രായിലിന്റെ പ്രഖ്യാപനം മധ്യപൗരസ്ത്യദേശത്തുടനീളം ആശങ്ക പരത്തുകയാണ്.
ഇസ്രായിലിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടാന്‍ അമേരിക്കന്‍ പസിഡന്റ് ഉത്തരവിട്ടു. എന്തുതരത്തിലാണ് ഇസ്രായില്‍ തിരിച്ചടിക്കുകയെന്ന് വ്യക്തമല്ല. തിരിച്ചടിച്ചാല്‍ പ്രഹരം ശക്തമാക്കുമെന്ന് ഇറാനും പറഞ്ഞിരിക്കുകയാണ്. യുദ്ധവ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മേധാവിയും രംഗത്തുവന്നു.
അതേസമയം ഏതുനിമിഷവും ഇറാന്റെ ആക്രമണം ഇസ്രായില്‍ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് വ്യക്തമായി. ഇറാന്‍ മിസൈല്‍ അയച്ച് മിനിറ്റുകള്‍ക്കകം ഇസ്രായിലില്‍ താമസിക്കുന്ന വിദേശികള്‍ അടക്കമുള്ളവരുടെ മൊബൈലുകളില്‍ ആക്രമണ സന്ദേശം എത്തിയത് ഇതിന് തെളിവായി. ഇതാദ്യമായാണ് ഇത്തരം സന്ദേശങ്ങള്‍ മൊബൈലുകളില്‍ ലഭ്യമാകുന്നതെന്ന് ഇസ്രായിലില്‍ താമസിക്കുന്ന മലയാളികള്‍ പറഞ്ഞു.
ഫലസ്തീനെതിരെ മാത്രമല്ല, അവരെ പിന്തുണക്കുന്നവര്‍ക്കെതിരെയും ഇസ്രായില്‍ ആക്രമണം ശക്തമാക്കിയിക്കുകയാണ്. ഹമാസിനൊപ്പം ഹിസ് ബുല്ലയേയും ഇല്ലാതാക്കുമെന്നാണ് ഇസ്രായിലിന്റെ പ്രഖ്യാപനം. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ടെഹ്‌റാനില്‍വെച്ചാണ് ഇസ്രായില്‍ വധിച്ചത്. ഇത് ഇറാന് വലിയ അപമാനമായിരുന്നു. ഇറാനെ സര്‍വാത്മനാ പിന്തുണക്കുന്ന ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയെ ബെയ്‌റൂത്തില്‍ വ്യോമാക്രമണത്തില്‍ വധിച്ചതും ഇറാന് സഹിക്കാവുന്നതിനും അപ്പുറത്തായി. അതേസമയം തെക്കന്‍ ലബനോനില്‍ കരയാക്രമണത്തിന് തുടക്കമിട്ട് ഇസ്രായില്‍ ഒരു പടികൂടി മുന്നോട്ടുകടന്നു.
ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഗാസക്കെതിരായ ഇസ്രയേല്‍ നിരന്തര ആക്രമണങ്ങളില്‍ 41,500-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ഏകദേശം 100,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്.
അതിനിടെ എക്‌സിലെ ഒരു പോസ്റ്റില്‍, യുഎന്നിലെ ഇസ്രായേലിന്റെ പ്രതിനിധി ഡാനി ഡാനണ്‍ ഇസ്രായേല്‍ പ്രതിരോധിക്കാനും ആക്രമിക്കാനും തയാറായെന്ന് പറഞ്ഞു.
'ഇസ്രായേല്‍ പൗരന്മാരെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും' -അദ്ദേഹം എഴുതി. 'ഞങ്ങള്‍ മുമ്പ് അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമാക്കിയതുപോലെ, ഇസ്രായേലിനെ ആക്രമിക്കുന്ന ഏതൊരു ശത്രുവും കടുത്ത പ്രതികരണം പ്രതീക്ഷിക്കണം.
ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കേ, ഇന്നലെ രാത്രിയോടെ ഇസ്രായില്‍ ടാങ്കറുകള്‍ ലബനന്‍ അതിര്‍ത്തി കടന്നു. 'നിയന്ത്രിതമായ രീതിയില്‍', തെക്കന്‍ ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ റെയ്ഡ് ആരംഭിച്ചതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ ലക്ഷ്യങ്ങള്‍ സ്ഥിതി ചെയ്യുന്നത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലബനന്‍ ഗ്രാമങ്ങളിലാണെന്നും അവ ഇസ്രായിലിന് സുരക്ഷാ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി. ഇസ്രായിലി വ്യോമസേനയും സൈന്യത്തിന്റെ ആര്‍ട്ടിലറി വിഭാഗവും ദൗത്യത്തില്‍ പങ്കാളികളാണ്.
സിറിയയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയ്‌റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുന്‍പ് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കി. കരവഴിയുള്ള ഇസ്രായില്‍ നീക്കം തടയാന്‍ തങ്ങള്‍ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡര്‍ നയിം ഖാസിം പറഞ്ഞു. യുഎസും യുകെയും വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലബനന്‍ അധികൃതര്‍ പറഞ്ഞു.
ഇസ്രായിലിനു പിന്തുണയായി കൂടുതല്‍ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യു.എസ് മേഖലയിലേക്ക് അയച്ചു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഇന്നലെ രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ സന്ദര്‍ശിച്ചു.
Related News