റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. ജൂലൈ 2 ന് വധ ശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കേസിന്റെ നടപടികള്‍ ഇന്ത്യന്‍ എംബസിയും, റഹീമിന്റെ പവര്‍ അറ്റോണിയായ സിദ്ധിഖ് തുവ്വൂരും, പ്രതിഭാഗം വക്കീലും, കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഓരോ ദിവസവും ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തി പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷര്‍ സെബിന്‍ ഇഖ്ബാല്‍, ചീഫ് കോഡിനേറ്റര്‍ ഹസ്സന്‍ ഹര്‍ഷാദ് എന്നിവര്‍ പറഞ്ഞു.
ദിയാധനം നല്‍കി കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചതോടെയാണ് വധ ശിക്ഷ റദ്ദ് ചെയ്തത്. അത് വാദി ഭാഗത്തിന്റെ സ്വകാര്യ അവകാശമായതിനാലാണ് ഉടന്‍ ഉത്തരവിറക്കിയത്. അതേസമയം ജയില്‍ മോചനത്തിന് കടമ്പകള്‍ ഏറെയുണ്ട്. പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം. കേസ് അന്വേഷിച്ചു കോടതി റിപ്പോര്‍ട്ട് നല്‍കുന്ന പബ്ലിക് പ്രോസിക്യൂഷന്‍ കേസുമായി ബന്ധപ്പെട്ട ഫയല്‍ കോടതിക്ക് ഇന്നലെ കൈമാറി എന്നാണ് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചതെന്ന് സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു.
ഇനി വൈകാതെ കോടതി മോചന ഉത്തരവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ജവാസാത്ത് (പാസ്സ്പോര്‍ട്ട് വിഭാഗം) ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഇന്ത്യന്‍ എംബസി യാത്ര രേഖ നല്‍കുന്നതോടെ റഹീമിന് ജയില്‍ മോചിതനായി രാജ്യം വിടാനാകും.
ഈ നടപടിക്രമങ്ങളെല്ലാം കുറഞ്ഞ ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും റഹീമിന്റെ മോഹനത്തിന് ലോകമാകെയുള്ള മലയാളി സമൂഹം നല്‍കിയ പിന്തുണ അവിസ്മരനീയമാണെന്നും മലയാളികളുടെ ഐക്യബോധത്തിന്റെ ആഴം ലോകത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തിയ സംഭവമാണ് റഹീം മോചനത്തിനായി മണിക്കൂറുകള്‍ കൊണ്ട് സമാഹരിച്ച കോടിക്കണക്കിന് രൂപയെന്നും സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീം ജയിലിലാകുന്നത്. തുടര്‍ന്ന് 18 വര്‍ഷത്തോളം നീണ്ട ശ്രമത്തിലൊടുവിലാണ് മോചനം അരികെ എത്തിയത്.
Related News