മുംബൈ: ലോക വ്യവസായ ഭൂപടത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ ഇന്ത്യയുടെ പ്രിയങ്കരനായ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ രാജ്യം തേങ്ങുന്നു. 86 വയസായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ രത്തന്‍ ടാറ്റയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അന്നു തന്നെ വെന്റിലേറ്ററിലാക്കുകയും ഇന്നലെ രാത്രി പതിനൊന്നേമുക്കാലിന് മരണപ്പെടുകയുമായിരുന്നു. അവിവാഹിതനാണ്.
നവല്‍ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബര്‍ 28നാണഅ ജനിച്ചത്. ഇന്ത്യയിലും വിദേശത്തുമായി പഠനം പൂര്‍ത്തിയാക്കിയ ശേഷം യുഎസില്‍ ആര്‍ക്കിടെക്ടായി ജോലി നോക്കുന്നതിനിടെ വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962ല്‍ ടാറ്റ സ്റ്റീലില്‍ ട്രെയ്‌നിയായി ജോലിയില്‍ പ്രവേശിച്ചു. 1981ല്‍ ടാറ്റ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി. ജെ.ആര്‍.ഡി. ടാറ്റയുടെ പിന്‍ഗാമിയായി 1991ല്‍ ടാറ്റയുടെ അമരക്കാരനായി. ടാറ്റയെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ രത്തന്‍ ടാറ്റ പുതിയ സാങ്കേതിക മേഖലകളിലേക്കു കമ്പനികളെ നയിച്ചു.
നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തന്‍ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുന്‍കയ്യെടുത്തു. 2000ല്‍ പത്മഭൂഷണും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ടാറ്റയെ ആദരിച്ചു. 2012 ല്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞുവെങ്കിലും 2016ല്‍ ഇടക്കാല ചെയര്‍മാായി വീണ്ടും തിരിച്ചെത്തി. 2017 ജനുവരിയില്‍ എന്‍.ചന്ദ്രശേഖരനു പദവി കൈമാറിയ ശേഷം ഇമെരിറ്റസ് ചെയര്‍മാനായി തുടരുകയായിരുന്നു.
കേരളവുമായി രത്തന്‍ ടാറ്റക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ അവധിക്കാലം ചെലവിട്ടിരുന്നത് കൊച്ചിയിലെ ടാറ്റാപുരത്തായിരുന്നു. ആ ദിനങ്ങള്‍ അതിമനോഹരമായിരുന്നെന്നും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രത്തന്റെ പിതാവ് നവല്‍ ടാറ്റ അന്നു ടോംകോ (ടാറ്റാ ഓയില്‍ മില്‍സ് കമ്പനി) ചെയര്‍മാനായിരുന്നു. അങ്ങനെയാണ് രത്തനും സഹോദരനും അവധിക്കാലമെത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം മുംബൈയില്‍നിന്നു കൊച്ചിയിലെത്തിയിരുന്നത്. മൂന്നാറും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചിച്ചു
രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചിച്ചു. കോര്‍പറേറ്റ് വളര്‍ച്ചയെ രാഷ്ട്രനിര്‍മാണവുമായി കോര്‍ത്തിണക്കിയ വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നുവെന്നും രാഷ്ട്രത്തിനായി ജീവിതം സമര്‍പ്പിച്ചയാളായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രത്തന്‍ ടാറ്റയെ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദു;ഖം അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. സിനിമാ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Related News