കോഴിക്കോട്: 2024-25 ഐ-ലീഗ് സീസണിന് മുന്നോടിയായി മാലിയന്‍ സ്ട്രൈക്കറായ അദാമ നിയാനെ സൈനിംഗ് പ്രഖ്യാപിച്ച് ഗോകുലം കേരള എഫ്സി. സ്ട്രൈക്കറായ അദാമ അസര്‍ബൈജാനി ക്ലബ് കപാസ് പിഎഫ്കെയില്‍ നിന്നാണ് ടീമിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ടൂര്ണമെന്റുകളിലെ അനുഭവവും ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡും ടീമിന് ഒരു മുതല്‍ കൂട്ടായേക്കും.
31 കാരനായ അദാമ നിയാന്‍, ലോകത്തിലെ ചില മുന്‍നിര ലീഗുകളില്‍ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രധാനമായും 2017 സീസണില്‍ ഫ്രാന്‍സിന്റെ ലീഗ് 2 ലെ ടോപ്പ് സ്‌കോററായിരുന്നു അദ്ദേഹം. അവിടെ ട്രോയ്‌സ് എസിക്ക് വേണ്ടി കളിക്കുമ്പോള്‍ 23 ഗോളുകള്‍ നേടി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ ഫ്രഞ്ച് ഫുട്‌ബോളിന്റെ പ്രീമിയര്‍ ഡിവിഷനായ ലീഗ് 1-ല്‍ കളിക്കാനുള്ള അവസരം നേടികൊടുത്തു, അവിടെ യൂറോപ്പിലെ ചില മികച്ച ക്ലബ്ബുകള്‍ക്കെതിരെയും അദ്ദേഹം മത്സരിച്ചു.
ഫ്രാന്‍സിനപ്പുറം, പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗ് (ഇറാന്‍), ജൂപ്പിലര്‍ പ്രോ ലീഗ് (ബെല്‍ജിയം), അസര്‍ബൈജാന്റെ പ്രീമിയര്‍ ലിക്ക എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ മുന്‍നിര ലീഗുകളില്‍ നിയാന്‍ കളിച്ചിട്ടുണ്ട്,
ഗോകുലം കേരള എഫ്സിയിലേക്ക് അദാമ നിയാനെ ഉള്‍പ്പെടുത്തിയത് ഈ സീസണിലെ ഐ-ലീഗ് കിരീടത്തിന് ആക്കം കൂട്ടുന്ന ടീമിന്റെ ആക്രമണ നിരയ്ക്ക് ഗണ്യമായ ഉത്തേജനം നല്‍കുന്നു. വേഗതയ്ക്കും സാങ്കേതിക വൈദഗ്ധ്യത്തിനും മാരകമായ ഫിനിഷിംഗിനും പേരുകേട്ട നിയാന്‍ മലബാറിയന്‌സിന്റെ മുന്നേറ്റ നിരയില്‍ ഒരു അധിക നേട്ടം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.
'അദാമ നിയാന്‍ ഞങ്ങളുടെ ടീമില്‍ ചേരുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ആവേശമുണ്ട്,' ഗോകുലം കേരള എഫ്സിയുടെ ഹെഡ് കോച്ച് അന്റോണിയോ റുവേഡ പറഞ്ഞു. ''ഈ സീസണില്‍ ചാമ്പ്യന്‍ഷിപ്പിനായി മത്സരിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നതിനാല്‍ വിവിധ ലീഗുകളിലുടനീളമുള്ള അദ്ദേഹത്തിന്റെ അനുഭവവും തെളിയിക്കപ്പെട്ട ഗോള്‍ സ്‌കോറിംഗ് കഴിവുകളും വിലമതിക്കാനാവാത്തതാണ്. സമ്മര്‍ദത്തിന്‍കീഴിലും നന്നായി കളിക്കുന്ന കളിക്കാരനാണ് അദ്ദേഹം'.
Related News