ന്യൂദല്‍ഹി- മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്ദ്രപ്രസ്ഥത്തിന് വനിതാ മുഖ്യമന്ത്രിയെ ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് തലസ്ഥാനവാസികള്‍. മുമ്പ് സുഷമ സ്വരാജും ഷീല ദീക്ഷിതും ഭരിച്ച ദല്‍ഹിയില്‍ ആം ആദ്മി നേതാവ് അതിഷി മുഖ്യമന്ത്രിയാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ ആകാംക്ഷ.
കോടതി വിധിയെത്തുടര്‍ന്നാണ് താന്‍ ജയില്‍ മോചിതനായതെന്നും ഇനി ജനവിധി അറിഞ്ഞിട്ടേ ഈ കസേരയിലിരിക്കൂ എന്നുമാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തി വിശദീകരിക്കുന്നത്.
കെജ്രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ദല്‍ഹിയില്‍ ഇനി രാഷ്ട്രീയമായി എന്ത് സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ദല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അത് നേരത്തെ ആക്കണമെന്നാണ് എഎപിയുടെ ആവശ്യം. നവംബറില്‍ നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനൊപ്പം ദല്‍ഹിയേയും പരിഗണിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് എഎപി ആവശ്യപ്പെടുന്നത്. രണ്ട് ദിവസത്തിനകം കെജ്രിവാള്‍ രാജിവെച്ചാല്‍ നവംബര്‍ വരെയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെയോ പുതിയ മുഖ്യമന്ത്രിയെ എഎപിക്ക് കണ്ടെത്തേണ്ടി വരും. അതാരാകുമെന്നതാണ് ആകാംക്ഷ.
കെജ്രിവാള്‍ കഴിഞ്ഞാല്‍ നിലവില്‍ പാര്‍ട്ടിയില്‍ രണ്ടാമന്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ്. എന്നാല്‍ ജനകീയ വിധി വന്ന ശേഷമേ താനും സ്ഥാനം ഏറ്റെടുക്കൂവെന്ന് മനീഷ് സിസോദിയയും വ്യക്തമാക്കിയിട്ടുണ്ട്. കെജ്രിവാള്‍ തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇവര്‍ക്ക് ശേഷം പിന്നീട് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് നിലവില്‍ മന്ത്രിയായിട്ടുള്ള അതിഷിയാണ്. കെജ്രിവാളടക്കമുള്ള എഎപിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായിരുന്ന ഘട്ടത്തില്‍ അതിഷിയാണ് പാര്‍ട്ടിയുടെ മുഖമായി പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ അവര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
Related News