ഒരു വര്‍ഷം മുന്‍പാണ് ഒരിക്കല്‍ക്കൂടി പഴയത് പോലെ ഒരു പായ്ക്കപ്പല്‍ മാതൃക പിത്തളയില്‍ നിര്‍മ്മിക്കണമെന്ന ആഗ്രഹം, ആലപ്പുഴ ദേവികുളങ്ങര, പ്രയാര്‍ സ്വദേശിയായ വിളയില്‍ വയലില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മനസ്സിലുദിച്ചത്. ആലയില്‍ പിത്തളപ്പൂട്ടുകളും മറ്റും നിര്‍മ്മിക്കുന്ന ഇടവേളകളില്‍ ആ പരിശ്രമം അങ്ങിനെ തുടര്‍ന്നു. യഥാര്‍ത്ഥ പായ്ക്കപ്പലിന്റെ ഓരോ ഭാഗവും അതേപടി താന്‍ നിര്‍മ്മിക്കുന്ന ശില്‍പത്തിനും ഉണ്ടാവണമെന്ന് ഉണ്ണിയ്ക്ക് നിര്‍ബന്ധവുമായിരുന്നു..
അങ്ങിനെ 175 സെന്റമീറ്റര്‍ നീളവും 43 സെന്റ്‌റീമീറ്റര്‍ പൊക്കവും 55 സെന്റമീറ്റര്‍ വീതിയുമുള്ള പായ്ക്കപ്പല്‍ നിര്‍മ്മാണം ഒരു വര്‍ഷമെടുത്ത് തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് പക്ഷാഘാതം സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ശരീരത്തിന്റെ ഒരു ഭാഗത്തെ തളര്‍ത്തിയത്. കാത്തിരുന്ന ആ സ്വപ്നം ഇനി സാക്ഷാത്കരിക്കാന്‍ ആവില്ലെന്നോര്‍ത്തു കുറേ വേദനിച്ചു... പിന്നീട് എങ്ങിനെയും അത് പൂര്‍ത്തിയാക്കണമെന്നത് തീവ്രമായ ആഗ്രഹവും വാശിയുമായി.
പതുക്കെ പതുക്കെ അനക്കമറ്റ ശരീര ഭാഗങ്ങളെ സ്വയം വഴക്കിയെടുത്തു. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ രോഗം മുട്ടു മടക്കി. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയതോടെ സാവകാശമെങ്കിലും പായ്ക്കപ്പല്‍ ശില്‍പ നിര്‍മ്മാണം ഉണ്ണികൃഷ്ണന്‍ പൂര്‍ത്തിയാക്കി.
ആ സംതൃപ്തിയ്‌ക്കൊപ്പം ഈ പായ്ക്കപ്പല്‍ തനിക്ക് നല്‍കിയത് ഒരു രണ്ടാം ജന്മം തന്നെയെന്ന് കരുതുകയാണ് അന്‍പത്തിയൊന്നുകാരനായ ഉണ്ണികൃഷ്ണന്‍. പണി പൂര്‍ത്തീകരിക്കണമെന്ന വാശിയാണ് തളര്‍ന്ന ശരീരത്തെ പഴയ അവസ്ഥയിലേക്ക് ഒരു പരിധി വരെ തിരിച്ചു കൊണ്ടു വരാന്‍ സഹായിച്ചതെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.
വലിയ ക്ഷേത്രങ്ങള്‍ക്കും വീടുകള്‍ക്കുമൊക്കെ ആവശ്യമായ കൂറ്റന്‍ പൂട്ടുകളും ഇദ്ദേഹം നിര്‍മ്മിക്കാറുണ്ട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടും പഴവാങ്ങാടി മഹാഗണപതി ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രങ്ങള്‍ക്കും പൂട്ടുകള്‍ ഇദ്ദേഹം നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. മുട്ടത്തോടില്‍ മുന്‍പ് നിര്‍മ്മിച്ച പൂട്ട് ഏറെ കൗതുകം പകര്‍ന്നിരുന്നു...
കൊല്ലപ്പണിക്കാരുടെ ആലയിലെ തീച്ചൂളയിലൂടെയുള്ള പാരമ്പരാഗത നിര്‍മ്മിതികള്‍ ഇന്ന് അപൂര്‍വ്വമായി മാറിക്കഴിഞ്ഞു. എന്നാല്‍ ഈ കലാകാരന്റെ വീടിനോട് ചേര്‍ന്നുള്ള ആലയെ നിലനിര്‍ത്തിയിട്ടുണ്ട്. പരമ്പരാഗ ശൈലിയില്‍ വ്യത്യസ്തമായ പല ഉല്‍പ്പന്നങ്ങളും ഉണ്ണികൃഷ്ണന്‍ എന്ന കലാകാരന്‍ തന്റെ ആലയില്‍ നിര്‍മ്മിച്ചെടുക്കാറുണ്ട്. പ്രത്യേകിച്ചും വലിയ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമുള്ള കൂറ്റന്‍ പൂട്ടുകള്‍ നിര്‍മ്മിക്കുന്ന സ്‌പെഷ്യലിസ്റ്റ് കൂടിയാണ് ഉണ്ണികൃഷ്ണന്‍.
കോവിഡ് കാലത്തെ ഇടവേളകളില്‍ നിര്‍മ്മിച്ച 'കോവിഡ് ശില്‍പം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. .ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പും പിത്തളയില്‍ ആറടിയോളം നീളമുള്ള ഒരു പായ്ക്കപ്പല്‍ നിര്‍മ്മിച്ചിരുന്നു. 2015-16ല്‍ സംസ്ഥാന ഗവണ്മെന്റിന്റെ കരകൗശല അവാര്‍ഡ് അത് വഴി കരസ്ഥമാക്കാനുമായി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ പായ്ക്കപ്പല്‍ ഇപ്പോള്‍ കോഴിക്കോട് സര്‍ഗ്ഗലയ ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനവസ്തുവാണ്..
ശാലിനിയാണ് ഭാര്യ. മൂത്ത മകന്‍ അര്‍ജുന്‍ തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയില്‍ സിസ്റ്റം എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു. ഇളയ മകന്‍അര്‍ജുന്‍ ഷാര്‍ജയില്‍ ആണ്.
ഫോട്ടോ: 1. ഉണ്ണികൃഷ്ണന്‍. 2. മുട്ടത്തോടില്‍ നിര്‍മിച്ച പൂട്ട്. 3. പിത്തളയില്‍ തീര്‍ത്ത പായ്ക്കപ്പല്‍
-സി.ജെ വാഹിദ് ചെങ്ങാപ്പള്ളി
Related News