വാര്‍ധക്യം
ഋതുക്കള്‍ കൊഴിയുന്നു മലരുകള്‍ വിരിയുന്നു
ശോഷിച്ചൊരാസ്ഥി കൂടമായി മാറുന്നു മാനുഷര്‍
ഒരുപാടു സംവത്സരങ്ങള്‍ ഭൂമിതന്‍ ചിറകിലേറി
ജീവിച്ചിടുന്നീ പാവം മാനവന്‍
നേടാത്ത ജ്ഞാനവും നേടിയ ജ്ഞാനവും
വേര്‍തിരിക്കാനാവാത്ത ജീവിത സായാഹ്നവും
കാലത്തിന്‍ മാറ്റവും കാലചക്രത്തിന്‍ കറക്കവും
മേനിക്ക് ഭംഗത്തിന്‍ വേലി തീര്‍ത്തു
ബാല്യത്തിന്‍ കുസൃതികള്‍ കൗമാര കുശലങ്ങള്‍
യുവത്വത്തിന്‍ പ്രസരിപ്പുകള്‍ ഓര്‍മ്മയായിടുന്നു
പൂക്കുന്ന ചെടികളും കായ്ക്കുന്ന മരങ്ങളും
എന്നുമെല്ലാര്‍ക്കും പ്രിയരായിടുന്നു
അതുപോലെന്‍ ജീവിതം പ്രിയമുള്ളതായൊരു
കാലമെന്‍ മനോമുകുരത്തില്‍ തെളിഞ്ഞിടുന്നു
മനസ്സില്‍ നോവുകള്‍ കുത്തി നിറച്ചെന്‍
സഖികള്‍ പലരുമകന്നുപോയി
അണു കുടുംബം എന്ന മോഹത്തില്‍ പാര്‍ക്കുന്ന
അരുമയാം മക്കള്‍ക്കും ഭാരമായി
ഉറങ്ങാത്ത രാവുകളിലുള്ളം തുടിക്കുമീ
ഉന്മാദ ചിന്തകള്‍ വേട്ടയാടിടുന്നു.
സായന്തനത്തില്‍ സായൂജ്യമടയുവാന്‍
സാന്ത്വനവുമായി എത്തുന്നുമില്ല കിടാങ്ങള്‍
ഒരു നോക്കു കാണുവാന്‍ ഒന്നുലാളിക്കുവാന്‍
ഓമന മുഖമൊന്നടുത്തു കാണാന്‍
കുഞ്ഞിളം മേനിക്കു ചന്തങ്ങള്‍ ചാര്‍ത്തുവാന്‍
എന്തെല്ലാം വാങ്ങി ഞാന്‍ ചേര്‍ത്തുവച്ചു.
വലുതായി വലുതായി വലുതായി കാണുവാന്‍
വലുതായൊരു മോഹം ഞാന്‍ ബാക്കിവച്ചു
അകലുന്ന മക്കളോടടുക്കാന്‍ ശ്രമിച്ചപ്പോള്‍
അരുതേ എന്നു ചൊല്ലി അകന്നുപോയി
വിപത്തുകള്‍ വിഘ്‌നങ്ങള്‍ വിട്ടകലാനായി
വിനയത്തോടെ ഞാന്‍ വ്രതമെടുത്തു.
ചുളിവേറും ആസ്യമെന്‍ മക്കള്‍ക്കു പോലും
ചുണ്ടില്‍ വല്ലായ്ക തീര്‍ത്തിടുന്നു
ഭാഷകള്‍ വേഷങ്ങള്‍ നടപ്പുകളെടുപ്പുകളെല്ലാം
മക്കള്‍ തന്‍ നോട്ടത്തില്‍ ചേരാത്തതായി
ബാല്യം കൗമാരം യൗവനം വാര്‍ധക്യം
ഇതില്‍ ഏറ്റം മനോഹരം ബല്യമല്ലോ
വാര്‍ധക്യ രോഗത്തിന് മരുന്നായ് കുറിച്ചു
മനുജരില്‍ ചിലരഭയ കേന്ദ്രം
വാര്‍ധക്യത്തിനിത്രമേല്‍ ശാപമുണ്ടെന്ന
യുവത്വത്തിലാരും നിനച്ചിടില്ല
ഇനിയുള്ള കാലമീ അഭയകേന്ദ്രത്തിന്‍
ചുമരുകളോട് ഞാന്‍ കുശലം ചൊല്ലിടട്ടെ
ഇനിയുമൊരു ജന്മമീ ഭൂമിയില്‍ വേണ്ടെന്ന്
വിടചൊല്ലി ഞാന്‍ അകന്നിടട്ടെ.
റഷീദ അന്‍സാരി
Related News