ബെയ്‌റൂട്ട്: ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രായില്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റല്ലയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ഡമാസ്‌കസില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെതായി റിപ്പോര്‍ട്ട്. മാസെ ജില്ലയിലെ പാര്‍പ്പിട സമുച്ചയം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ജാഫറിനെ കൂടാതെ ലബനീസ് പൗരന്മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ലബനനില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലാണ് ഇസ്രായില്‍ സൈന്യവും ഹിസ്ബുല്ലയും.
മധ്യ ബെയ്‌റൂട്ടില്‍ ഇസ്രായില്‍ സേനയുടെ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായിലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു. ഹിസ്ബുല്ലയെ നേരിടാന്‍ ലബനനിലേക്കു കരമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രായില്‍ ആക്രമണം കടുപ്പിച്ചത്.
അതിനിടെ ഇറാന്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ദോഹയില്‍ പറഞ്ഞു. 'സമാധാനം നിലനിര്‍ത്താനാണ് ഞങ്ങളുടെ ശ്രമം. എന്നാല്‍, പ്രതികരിക്കാന്‍ ഇസ്രായില്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ഞങ്ങളുടെ മണ്ണില്‍ കൊലപ്പെടുത്തിയപ്പോള്‍ യൂറോപ്പും അമേരിക്കയും ഞങ്ങളോട് സമാധാനം പാലിക്കാനാവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി ഞങ്ങള്‍ ആത്മസംയമനം പാലിച്ചു. എന്നാല്‍, ഇസ്രായില്‍ വീണ്ടും ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു' -പെസഷ്‌കിയാന്‍ വ്യക്തമാക്കി. ദോഹയില്‍ ഖത്തര്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.
Related News