ഇക്കൊല്ലത്തെ റമദാന്‍ മാസത്തില്‍ (ജിദ്ദയില്‍) പതിവ് പോലെ നോമ്പ് തുറക്ക് സ്‌നാക്ക്‌സ് നിര്‍ബന്ധം, അത് ഒന്നില്‍ ഒതുങ്ങില്ല. ഒരു വെള്ളിയാഴ്ച്ച, ഓഫീസ് അവധി ദിനത്തില്‍.
എല്ലാ ദിവസവും നോമ്പ് തുറയ്ക്ക് രണ്ടും മൂന്നും സ്‌നാക്ക്‌സ് ഉണ്ടാക്കുന്ന പ്രിയതമയ്ക്ക് അന്ന് അതില്‍ നിന്ന് ഒരു റെസ്റ്റ് കൊടുക്കുവാന്‍ തീരുമാനിച്ചു, ഞാന്‍..
ഇന്ന് മുട്ട ബജി ഞാന്‍ ഉണ്ടാക്കാം ഉള്ളി വടയും സമോസയും കടയില്‍ നിന്ന് മേടിക്കാം, എന്റെ ആ അഭിപ്രായത്തെ അവള്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു.
നോമ്പ് തുറയ്ക്ക് എല്ലാ ദിവസവും ഞാന്‍ ചെയ്യാറുള്ള ഫ്രൂട്ട്‌സ് മുറിച്ച് വയ്ക്കല്‍, മോരില്‍ ഇഞ്ചിയും പച്ചമുളകും വേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്തുള്ള നോമ്പ് തുറ സംഭാരം ഉണ്ടാക്കല്‍, ഇത് രണ്ടും അവള്‍ പകരമായി ഉണ്ടാക്കിക്കൊള്ളാം എന്ന് പറഞ്ഞതിനെയും നിരുത്സാഹപ്പെടുത്തിയില്ല, ഞാന്‍
കൂടാതെ ബജിക്കുള്ള മുട്ട പുഴുങ്ങി തരാം എന്ന് പറഞ്ഞതിനും ഞാന്‍ തടസ്സം പറഞ്ഞില്ല.
സമയം വൈകിട്ട് 4 മണി ആയി. പള്ളിയില്‍ പോയി അസര്‍ നമസ്‌കാരം കഴിഞ്ഞ് വന്ന് ഞാന്‍ കിച്ചണില്‍ പ്രവേശിച്ചു. മുട്ട ബജി ഉണ്ടാക്കാനായി. അടുക്കളയില്‍ ഇടയ്ക്ക് വന്ന് അഭിപ്രായം പറഞ്ഞ് ഇടപെട്ട് എന്നെ ശല്യം ചെയ്യരുത് എന്ന് പറഞ്ഞത് കൊണ്ട്, ഭാര്യ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ മുഴുകി..
മുട്ട ബജിക്ക് വേണ്ടി പച്ച മുളക് അരിഞ്ഞതും ആവശ്യത്തിന് ഉപ്പും അല്‍പം മഞ്ഞള്‍ പൊടിയും മുളക് പൊടിയും കറി വേപ്പില മുറിച്ചിട്ടതും ചേര്‍ത്ത് തയ്യാറാക്കിയ കടല മാവില്‍, പുഴുങ്ങി വച്ചിരുന്ന മുട്ട തോട് കളഞ്ഞ് നേര്‍ പകുതിയായി നീളത്തില്‍ മുറിച്ച് മുക്കിയത് ഫ്രൈ പാനിലെ ചൂടായ എണ്ണയിലേയ്ക്ക് ഇട്ടു ഞാന്‍,
ബിസ്മിയും ചൊല്ലി, പടച്ചോനേ കാത്തോളി, 'മാവില്‍ പൊതിഞ്ഞ് മുട്ട പുറത്ത് കാണാത്ത വിധം എണ്ണയിലേക്ക് ഇട്ട മുട്ട ഒരു പരിക്കും കൂടാതെ അത് പോലെ തിരിച്ച് തരണേ' എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്...
പുഴയില്‍ മീന്‍ പിടിക്കാന്‍ ഇര കൊളുത്തി ഇട്ട ചൂണ്ടയില്‍ മീന്‍ കൊളുത്തുന്നതും നോക്കി കരയില്‍ ചൂണ്ടയില്‍ പിടിച്ച് നില്‍ക്കുന്നത് പോലെ, തിളച്ച എണ്ണയില്‍ മുങ്ങി പൊങ്ങി നിറം മാറി പാകമായി വരുന്ന പൊരിഞ്ഞ മുട്ട കോരിയെടുക്കാനായി ഞാന്‍ തുളയുള്ള ഒരു സ്റ്റീല്‍ കൈലും കയ്യില്‍ പിടിച്ച് സ്റ്റൗവില്‍ നിന്ന് അല്‍പം അകലം പാലിച്ച് മുട്ടയില്‍ കണ്ണും നട്ട് നിന്നു, ഇടയ്ക്ക് ഫ്രൈ പാനില്‍ നിന്ന് ചെറിയ പൊട്ടിത്തെറി കേട്ടത് കൊണ്ട് (മുട്ടയില്‍ നിന്ന് ഗ്യാസ് പോയത് കൊണ്ടാണോ എന്നറിയില്ല)
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മുട്ട വിരിഞ്ഞ് മുട്ട തോടിനുള്ളില്‍ നിന്നും കോഴികുഞ്ഞ് വെളിയില്‍ വരുന്നത് പോലെ മാവില്‍ പൊതിഞ്ഞ് ഇട്ട ഒരു മുട്ട കഷണം അതിന്റെ ഉള്ളില്‍ നിന്ന് വെളുപ്പ് നിറം വെളിയില്‍ കാണിച്ച് കൊണ്ട് വെളിയില്‍ വന്ന് ഫ്രൈ പാനില്‍ സ്വതന്ത്രമായി എന്നെയും നോക്കി ചിരിച്ചു കൊണ്ട് കിടപ്പായി
അത് കണ്ട ഞാന്‍ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലായി
അപ്പോഴേക്കും ബാക്കിയുണ്ടായിരുന്ന മുട്ട കഷണങ്ങളും കടല മാവിനുള്ളില്‍ നിന്ന് വിരിഞ്ഞ് വെളിയില്‍ വന്നു, കോഴിക്കുഞ്ഞുങ്ങളെപ്പോലെ.
ഞാന്‍ പതുക്കെ അടുക്കളയില്‍ നിന്നും ആ തുളയുള്ള കൈലും കയ്യില്‍ പിടിച്ച് പുറത്ത് വന്ന് ഭാര്യ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന റൂമില്‍ ഒന്ന് എത്തി നോക്കി. അവള്‍ നിസ്‌കാരത്തിനായി ഇട്ട നിസ്‌കാര കുപ്പായത്തില്‍ തന്നെ ഇരുന്നു കൊണ്ട് ഖുര്‍ആന്‍ ഓതി കൊണ്ടിരിക്കുന്നു. അവളെ കിച്ചനിലേയ്ക്ക് വരുത്താതെ കാത്തോണേ പടച്ചോനേ എന്ന് ഉള്ളില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ അടുക്കളയിലേക്ക് തിരിച്ച് വന്നു.
എന്നിട്ട് സ്റ്റൗ ഓഫ് ചെയ്ത്, പാനില്‍ നിന്ന് മുട്ട കഷണങ്ങളും പൊരിഞ്ഞ കടല മാവും ആ കൈല്‍ കൊണ്ട് കോരി വേസ്റ്റ് ബക്കറ്റിലെ കവറില്‍ ഇട്ടു
അപ്പോഴേക്കും ഒരശരീരി, അല്ല ഭാര്യയുടെ ശബ്ദം കേട്ടു ആ റൂമില്‍ നിന്ന് 'അവിടെ എന്തായി, ഞാന്‍ ഒന്ന് കിടക്കട്ടെ കുറച്ച് കഴിഞ്ഞിട്ട് വരാം ' അവള്‍ പറഞ്ഞു.
ഓ അത് മതി(രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്), ഞാന്‍ സമോസയും ഉള്ളി വടയും മേടിച്ചിട്ട് വരുമ്പോള്‍ വിളിക്കാം.
അത് പറഞ്ഞ് ഞാന്‍ മാവ് ഉണ്ടാക്കിയ ബൗള്‍ സിങ്കില്‍ നനച്ചിട്ട് ഓയിലില്‍ മുങ്ങിയ മുട്ടയും മാവ് പൊരിഞ്ഞതും ഇട്ട വേസ്റ്റ് ബക്കറ്റിലെ കവര്‍ കെട്ടി (ഭാര്യ കാണാതെയും അറിയാതെയും ഇരിക്കാന്‍) മുന്‍സിപ്പാലിറ്റി വേസ്റ്റ് ബോക്‌സില്‍ കളയാനായി എടുത്തിട്ട് കടയിലേയ്ക്ക് പോകുമ്പോള്‍ വൈഫ് ഖുര്‍ആന്‍ പാരായണം കഴിഞ്ഞ് കിടക്കാന്‍ ബെഡ് റൂമിലേയ്ക്ക് പോയിരുന്നു.
കടയില്‍ എത്തിയ ഞാന്‍ ആദ്യം മേടിച്ചത് മുട്ട ബജി ആയിരുന്നു. പിന്നെ സമോസയും ഉള്ളി വടയും മുളക് ബജിയും മേടിച്ചു.
തിരിച്ച് ഫ്‌ലാറ്റില്‍ എത്തി മേടിച്ച സാധനങ്ങള്‍ കവര്‍ പൊട്ടിച്ച് പ്ലേറ്റുകളില്‍ ഇട്ട് അടച്ചു വച്ചു. എന്നിട്ട് ഭാര്യയെ വന്നു വിളിച്ചു, ഫ്രൂട്ട്‌സ് മുറിക്കാനും സംഭാരം ഉണ്ടാക്കാനും...
കുറച്ച് കഴിഞ്ഞ് നോമ്പ് തുറയ്ക്കുള്ള സമയമായി. ഈന്തപ്പഴം കഴിച്ച് നോമ്പ് തുറന്ന്, പിന്നെ വെള്ളവും സംഭാരവും കുടിച്ച്, സ്‌നാക്ക്‌സില്‍ നിന്ന് കഴിക്കാനായി ആദ്യം എടുത്തത് 'മുട്ട ബജിയായിരുന്നു' ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച്.
അത് ഒരെണ്ണം കഴിച്ചിട്ട് ഞങ്ങള്‍ പരസ്പരം നോക്കി, എങ്ങനെയുണ്ട് എന്നര്‍ത്ഥത്തില്‍ ഞാനും കൊള്ളാം എന്നര്‍ത്ഥത്തില്‍ ഭാര്യയും തലയാട്ടി.??
എന്നിട്ട് വൈഫ് പറഞ്ഞു, മുട്ട ബജിയ്ക്ക് കടയില്‍ നിന്നും വാങ്ങുന്ന ഒരു രുചി
കട എന്ന് കേട്ടതും ഞാനൊന്ന് ഞെട്ടി, എന്നിട്ട് ആത്മഗതം പറഞ്ഞു, 'പടച്ചവന്‍ കാത്തു (മുട്ട ബജി മേടിച്ചത് ഭാര്യ അറിയാതെ ), മുട്ട ബജിയെ ഫ്രൈ പാനില്‍ ഇട്ടത് പോല്‍ തിരിച്ചു തരാതെ കാത്തില്ലെങ്കിലും'...
ഒപ്പം ഒരു ആശങ്കയും,
'മുട്ട ബജി കൊള്ളാം കടയിലെ ടേസ്റ്റ്'
എന്ന് പറഞ്ഞ ഭാര്യ ഇനിയും ഇടയ്ക്ക് അത് ഉണ്ടാക്കാന്‍ പറയുമോ?
ഹാഷിം, ജിദ്ദ
Related News