മുംബൈ: വിമാനങ്ങൾക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ 17കാരനായ വിദ്യാർഥി പോലീസ് പിടിയിൽ. സുഹൃത്തിനോടുള്ള ദേഷ്യം തീർക്കാൻ അയാളുടെ പേരിൽ എക്‌സിൽ അക്കൗണ്ടുണ്ടാക്കി ഭീഷണി സന്ദേശം അയക്കുകയായിരുന്നു. മുംബൈയിലാണ് ഇയാൾ പിടിയിലായത്. ഭീഷണി സന്ദേശം മൂലം വിമാനങ്ങൾ കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് വഴിതിരിച്ച് വിടേണ്ടി വന്നിരുന്നു. പഠനം പാതിവഴിക്ക് നിർത്തിയ വിദ്യാർഥിയെ പോലീസ് സംശയിക്കുകയും ചൊവ്വാഴ്ച ഇയാളോട് ഹാജരാവാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ചോദ്യം ചെയ്യുകയും വീട്ടിൽ കസ്റ്റഡിയിലാക്കുകയുമായിരുന്നു. കുട്ടിയുടെ പിതാവിനെ പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങൾക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചിരുന്നു.
അതേസമയം, വിമാനങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി കോൾ വിളിക്കുന്നവർക്ക് വിമാനയാത്ര വിലക്ക് കൊണ്ടു വരുന്നത് കേന്ദ്രസർക്കാർ പരിഗണനയിലാണ്. വിവിധ എയർലൈനുകൾക്ക് ലഭിച്ച ബോംബ് ഭീഷണികൾ ചർച്ച ചെയ്യാനായി കേന്ദ്ര വ്യോമയാനമന്ത്രാലയം, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് തുടങ്ങിയവർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഭീഷണികോളുകൾ വിളിക്കുന്നവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടു വരാൻ ഉദ്ദേശിക്കുന്നത്.
Related News