ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി മാറുകയാണ് റഷ്യ. ഇന്ത്യക്കാരായ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഒരു വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങുകയാണ് രാജ്യം. അടുത്ത വര്‍ഷം ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാനുള്ള അവസരമൊരുങ്ങിയേക്കും. മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റിയുടെ ചെയര്‍മാന്‍ എവ്‌ജെനി കോസ്ലോവ് ആണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ വിസ ഇല്ലാതെ യാത്രക്കാര്‍ക്ക് റഷ്യ സന്ദര്‍ശിക്കാം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ചെലവുകളും ഇല്ലാതാക്കാനും ഇത് വഴി സാധിക്കും. ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ ഇല്ലാതെ റഷ്യ സന്ദര്‍ശിക്കാം. ഇത് വിജയമായതോടെയാണ് ഇന്ത്യക്കാര്‍ക്കും ഈ സൌകര്യം റഷ്യ ലഭ്യമാക്കുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം
ഈ വര്‍ഷം ആദ്യ പകുതിയില്‍ 28,500-ലധികം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മോസ്‌കോ സന്ദര്‍ശിച്ചതായാണ് കണക്കുകള്‍. ഇതോടെ റഷ്യയിലെ വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനം ഇന്ത്യ നേടി. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദര്‍ശകരാണ് ഇത്തവണയെത്തിയത്. റഷ്യയിലേക്ക് ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ചിലത് വിനോദം, സാംസ്‌കാരികം, ബിസിനസ്സ് എന്നിവയാണ്. ജോലിക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള ഇന്ത്യക്കാരായ യാത്രക്കാരുടെ എണ്ണവും കൂടുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍, ബിസിനസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇ-വിസ എടുക്കണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് സാധാരണയായി നാല് ദിവസമെടുക്കും. ഡെസ്റ്റിനേഷന്‍ വെഡിംഗുകള്‍ റഷ്യയിലേക്ക് ആകര്‍ഷിക്കാനും രാജ്യത്തിന് പദ്ധതിയുണ്ട്. ഇന്ത്യന്‍ വിവാഹങ്ങള്‍ റഷ്യയില്‍ വച്ച് നടക്കുന്നതിലൂടെ കൂടുതല്‍ സഞ്ചാരികളെ നേടാമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാരികളുടെ വരവ് കൈകാര്യം ചെയ്യുന്നതിനായി 2030-ഓടെ 25,700 ഹോട്ടല്‍ മുറികള്‍ ഒരുക്കാന്‍ തയാറെടുക്കുകയാണ് റഷ്യ.
Related News