കൊല്ലം: നാടക കലയുടെ ഈറ്റില്ലമായ കൊല്ലത്ത് നടക്കുന്ന നാടകോത്സവത്തിന് പ്രൗഢഗംഭീര തുടക്കം. നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കലാഗ്രാമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ കൊടിയേറ്റം സംഘടന പ്രസിഡന്റ് രവിവര്‍മ നിര്‍വ്വഹിച്ചതോടെ നാടക ആസ്വാദകര്‍ക്ക് അര മാസകാലം പ്രശസ്ത നാടക കമ്പനികളുടെ കലാ സൃഷ്ടികള്‍ വീക്ഷിക്കാന്‍ അവസരമൊരുങ്ങി. കൊല്ലത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായ സോപാനം ഓഡിറ്റോയത്തിന്റെ വേദിയില്‍ കേരളത്തിലെ പ്രൊഫഷനല്‍ നാടക സംഘങ്ങളുടെ ഏറ്റവും പുതിയ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടും.
മന്ത്രി ചിഞ്ചുറാണി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫഷനല്‍ സംഘങ്ങള്‍ക്ക് രംഗപടം ഒരുക്കുന്ന പ്രശസ്ത ആര്‍ട്ടിസ്റ്റ് സുജാതനെ ആദരിച്ചു. കേരളത്തിലെ കലാ സാംസ്‌ക്കാരി മേഖലയിലെ പ്രമുഖരുടെ അനുഭവങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ഗ്രന്ഥ രൂപേണ ഒരുക്കിയ സുവനീറിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. വരും ദിവസങ്ങളില്‍ സെമിനാറുകള്‍, മുഖാമുഖം, പുരസ്‌ക്കാര വിതരണങ്ങള്‍ തുടങ്ങിയവ നാടക അവതരണത്തിന് മുന്നോടിയായി നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ കലാഗ്രാമം പ്രസിഡന്റ് രവിവര്‍മ അധ്യക്ഷത വഹിച്ചു. മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫ് ജയചന്ദ്രന്‍ ഇലങ്കത്ത്, ആര്‍ട്ടിസ്റ്റ് സുണ്ടാക്കര്‍, പ്രതാപ് ആര്‍ നായര്‍, ഗോപാല്‍ ജി, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കേളി കിഴക്കനേലയുടെ ചിരുത ചിലതൊക്കെ മറന്ന് പോയി എന്ന നാടകം നടന്നു. രണ്ടാം ദിനമായ നവംബര്‍ രണ്ടിന് വൈകിട്ട് 6-30 ന് കരുനാഗപ്പള്ളി അശ്വതി ഭാവനയുടെ പാവങ്ങള്‍ നാടകം കബീര്‍ദാസ് നഗരിയില്‍ നടക്കും. നവംബര്‍ പതിനഞ്ച് വരെ നാടകോത്സവം നീണ്ടു നില്‍ക്കും.
-ഇക്ബാല്‍ പള്ളിമുക്ക്
Related News