കണ്ണൂര്‍: നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി അവര്‍ക്കു ലഭിക്കണമെന്നും താന്‍ അവരോടൊപ്പമാണെന്നും ജാമ്യത്തിലിറങ്ങിയ കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. കേസിലെ എല്ലാ സത്യങ്ങും പുറത്തു വരണം. എന്നെ സ്‌നേഹിക്കുന്ന, വിശ്വസിക്കുന്ന പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് മുമ്പില്‍ എന്റെ നിരപരാധിത്വം തെളിയിക്കപ്പെടേണ്ടതുണ്ട്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയായി പാര്‍ട്ടിയോടൊപ്പം നിന്ന് മുന്നോട്ടുപോകുമെന്നും ദിവ്യ പറഞ്ഞു.
നവീന്റെ കുടുംബത്തിന്റെ ആവശ്യവും എന്റെ ആവശ്യവും ഒന്നു തന്നെയാണ്. ഈ കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണം. അതിന് എന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യും. ഏത് രീതിയില്‍ സഹകരിക്കണമെങ്കിലും സഹകരിക്കും. നിയമപോരാട്ടത്തിലാണ് ഞാനുള്ളത്. തീവ്രവാദികളെയും വലിയ കൊലയാളിയെയും കൊണ്ടുപോകുന്ന പോലെയാണ് എന്നെ കൊണ്ടുപോയത്. ആയിരംവട്ടം ആത്മഹത്യ ചെയ്യേണ്ട സംഭവങ്ങള്‍ എനിക്കുണ്ടായി. പക്ഷേ, സത്യം തെളിയിക്കപ്പെടേണ്ടതുള്ളതിനാലാണ് പിടിച്ചു നില്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
Related News