കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് വിദേശ വിനോദ സഞ്ചാരിയെ തെരുവുനായ് കടിച്ചു. ഞായറാഴ്ച വൈകീട്ട് 4.20നാണ് സംഭവം. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന 14 അംഗ ജര്‍മന്‍ ടൂറിസ്റ്റ് സംഘത്തിലെ ആസ്ട്രിച്ച് എന്ന വനിതക്കാണ് തെരുവുനായയുടെ കടിയേറ്റത്.
കോഴിക്കോട് നിന്ന് വന്ദേഭാരത് എക്‌സ്പ്രസില്‍ കൊച്ചിയിലേക്ക് പോകാന്‍ പ്ലാറ്റ്‌ഫോം മൂന്നിലെത്തിയപ്പോഴാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ കിടക്കുകയായിരുന്ന നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടിയപ്പോഴാണ് കടിച്ചത്. റെയില്‍വേ പോലീസ് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കോഴിക്കോട് എത്തി കൊച്ചിയിലേക്ക് പുറപ്പെടാനെത്തിയതായിരുന്നു ജര്‍മന്‍ സംഘം.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ തെരുവുകള്‍ മുഴുവന്‍ തെരുവു നായകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ്, പാര്‍ക്കുകകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആശുപത്രി പരിസരങ്ങള്‍, കടലോരം തുടങ്ങി പൊതുജനങ്ങള്‍ ഒത്തുകൂടുന്നിടങ്ങളിലെല്ലാം തെരുവു നായ്ക്കള്‍ വിലസുകയാണ്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും വരെ ഇവരുടെ ശല്യത്താല്‍ സൈ്വര്യമായി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്.
Related News