കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍. 1935 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 848 പോയിന്റുകള്‍ നേടി തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അര്‍ഹരായി. എന്നാല്‍ അത്ലറ്റിക്സില്‍ മലപ്പുറം ജില്ലയാണ് ചാമ്പ്യന്മാര്‍. മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. നേരത്തെ, ഗെയിംസ് വിഭാഗത്തില്‍ 1,213 പോയിന്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്‌ലറ്റിക്‌സ് ആന്‍ഡ് ഗെയിംസ് വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.
കായികരംഗത്ത് കേരളത്തിനു നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ കായികമേളയിലൂടെ ഉയര്‍ന്നുവരുന്ന താരങ്ങളില്‍ പലരും പിന്നീട് കായികരംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ കായികരംഗത്തിന് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ നാടായിരുന്നു കേരളം. വനിതാ ഒളിമ്പ്യന്മാരെയടക്കം സൃഷ്ടിച്ച നാടാണ് നമ്മുടേത്. പിന്നീടെപ്പോഴോ കായികരംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പങ്കെടുത്ത കായികതാരങ്ങളുടെ എണ്ണം നോക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ കായികമേളകളിലൊന്നാണീ സംസ്ഥാന സ്‌കൂള്‍ കായികമേള. 2016 ലാണ് കായികമേളയെ 'കായികോത്സവം' എന്ന നിലയിലേക്ക് നമ്മള്‍ പരിവര്‍ത്തനപ്പെടുത്തിയത്. ഇത്തവണ മുതലാണ് ഒളിമ്പിക്‌സ് മാതൃകയില്‍ കേരള സ്‌കൂള്‍ കായികമേള' എന്ന പേരില്‍ കായികോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഈ മാതൃകയില്‍ വളരെ സമഗ്രവും വിശാലവുമായ രീതിയില്‍ കായികമേള സംഘടിപ്പിക്കുന്നത്. നൂതന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി മത്സരവിധി നിര്‍ണയത്തില്‍ കൃത്യത പുലര്‍ത്താന്‍ മേളയ്ക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി മുഖ്യമന്ത്രിയില്‍ നിന്ന് ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലാ ടീം ഏറ്റുവാങ്ങി.
പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കായികതാരങ്ങളുടെ പാരിതോഷിക തുക വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കായികമേളയില്‍ നല്‍കി വരുന്ന ഗ്രേസ് മാര്‍ക്ക് സംബന്ധിച്ചും പുനര്‍വിചിന്തനം നടത്തും. കായികാധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനല്‍കി. കേരളത്തിന്റെ കായിക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ മേള തുടക്കം കുറിക്കും. നടത്തിപ്പിലും സംഘാടനത്തിലും മേള വന്‍ വിജയമായി. നേരത്തെ ഒളിമ്പിക്സ് മാതൃകയില്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മേളയുടെ വിജയത്തെ തുടര്‍ന്ന് എല്ലാവര്‍ഷവും ഇത്തരത്തില്‍ മേള സംഘടിപ്പിക്കാന്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുവാദം തേടും. അടുത്ത മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, എം.എല്‍.എ മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ജെ. മാക്സി, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ്, സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ഡോ. സി.എസ്. പ്രദീപ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അടുത്തവര്‍ഷത്തെ സ്‌കൂള്‍ കായികമേള നടക്കുന്ന തിരുവനന്തപുരത്തിനു വേണ്ടി നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ കായികപതാക പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നും ഏറ്റുവാങ്ങി. സമാപന സമ്മേളനത്തിന് ശേഷം കലാവിരുന്നും അരങ്ങേറി.
Related News