ട്രംപിന്റെ വരവില്‍ സ്വര്‍ണ വില താഴുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7085 രൂപയായാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. പവന്റെ വില 56,680 രൂപയായി താഴ്ന്നു.
യു.എസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപിന്റെ വരവാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ നിക്ഷേപകര്‍ ഉള്‍പ്പടെ ഉറ്റുനോക്കുകയാണ്. ട്രംപിന്റെ ഭരണകാലത്ത് പലിശനിരക്കില്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.
ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഇന്ന് വലിയ നേട്ടമുണ്ടായില്ല. ബോംബെ സൂചിക സെന്‍സെക്‌സ് 225 പോയിന്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഈ നേട്ടം നിലനിര്‍ത്താനായില്ല. 79,725 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം തുടങ്ങിയത്. 71 പോയിന്റ് നേട്ടമാണ് ദേശീയ സൂചിക നിഫ്റ്റിയില്‍ ഉണ്ടായത്. 24,212 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി
ന്യൂദല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ മാറ്റി. രണ്ടാഴ്ചക്ക് ശേഷമായിരിക്കും ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇടക്കാല ജാമ്യവും തുടരും.
അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നുണ്ടോയെന്ന ചോദ്യം കോടതിയില്‍ നിന്നും ഉണ്ടായി. ഇതിന് മറുപടിയായി ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യത്തോടുള്ള സര്‍ക്കാറിന്റെ മറുപടി.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന രണ്ടാനച്ഛന് വധശിക്ഷ
പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കേസില്‍ വിധി പ്രഖ്യാപിച്ചത്.
നേരത്തെ, കേസില്‍ അലക്‌സ് പാണ്ഡ്യന്‍ കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്.ജയകുമാര്‍ ജോണ്‍ കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. കത്തിവെച്ച് മുറിവേല്‍പ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു.
പത്തനംതിട്ട ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ എസ്.എച്ച്.ഒ. ബിനീഷ് ലാല്‍ ആണ് കേസ് അന്വേഷിച്ച് 2021 ജൂലായ് അഞ്ചിന് കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ. നവീന്‍ എം.ഈശോ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹാജരായി. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ച സംഭവവും ഉണ്ടായി. രാജപാളയത്ത് താമസിച്ചപ്പോഴും പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു. പരിക്കേറ്റ കുട്ടി ഏതാനും നാള്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടുത്തെ ഡോക്ടര്‍ ഉള്‍പ്പെടെ കേസില്‍ സാക്ഷിയായി.
ബംഗ്‌ളൂരില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവും മരിച്ചു
ബംഗ്‌ളൂര്‍: നഗരപ്രാന്തപ്രദേശമായ ബനാര്‍ഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ മട്ടന്നൂര്‍ നഗരസഭയ്ക്കടുത്തെ മാലൂര്‍ തോല്ബ്ര സ്വദേശിയായ യുവാവും മരണമടഞ്ഞു. തോലബ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രന്‍(23)നാണ് മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദും(20) അപകടത്തില്‍ മരിച്ചിരുന്നു. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു. സഹോദരങ്ങള്‍: അജന്യ, വിഷ്ണു.പെരുന്തോടി അത്തൂരിലെ കല്ലംപറ്ബില്‍ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്. സഹോദരന്‍: പരേതനായ യസീദ്.
സ്ത്രീധനം ചോദിച്ച വരനും കുടുംബവും വെട്ടിലായി
തിരുവനന്തപുരം: വിവാഹനിശ്ചയത്തിനു ശേഷം വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍ നിന്ന് വധു പിന്മാറി. തിരുവനന്തപുരം സ്വദേശികളായ വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിത കമീഷനെ സമീപിക്കുകയും ചെയ്തു.
മാട്രിമോണിയല്‍ സൈറ്റിലൂടെ വന്ന ആലോചനയായിരുന്നു. വീട്ടുകാര്‍ സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദേശത്തുനിന്ന് പെണ്‍കുട്ടി നാട്ടില്‍ എത്തുകയായിരുന്നു. വിവാഹ നിശ്ചയ ചടങ്ങും കഴിഞ്ഞതോടെ വരന്റെ അടുത്ത ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍നിന്ന് പിന്‍മാറി പരാതി നല്‍കിയത്.
Related News