ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ജില്ലാ സോക്കര്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ണ്ണമായി. മലപ്പുറം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തി, മണ്ഡലാടിസ്ഥാനത്തില്‍ പ്ലെയേഴ്‌സിനെ അണിനിരത്തി, ജിദ്ദയിലെ മഹ്ജര്‍ എമ്പറര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ച നടന്ന വാശിയേറിയ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ജിദ്ദയിലെയും, നാട്ടിലെയും നിരവധി പ്ലെയേഴ്സ് വിവിധ ടീമുകളിലായി അണിനിരന്നു.
തീരദേശ മണ്ഡലങ്ങളായ പൊന്നാനിയും താനൂരും നേര്‍ക്കുനേര്‍വന്ന ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍, ടീം താനൂര്‍, അഞ്ചു ഗോളിന് ടീം പൊന്നാനിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ സമനിലയില്‍ തുടര്‍ന്നു. പൊന്നാനിക്ക് അനുകൂലമായി ലഭിച്ച രണ്ടു ഫ്രീകിക്കുകള്‍, താനൂര്‍ ഗോള്‍ കീപ്പര്‍ സേവ് ചെയ്തു. രണ്ടാം പകുതിയില്‍ മുഹമ്മദ് ജവാഷിന്‍ നല്‍കിയ പാസില്‍, നിസാര്‍, താനൂരിന് വേണ്ടി ആദ്യ ഗോള്‍ നേടി. പിന്നീട് തുടരെ തുടരെ വലകുലുക്കിയ മുഹമ്മദ് ജവാഷിന്‍, താനൂരിന് വേണ്ടി ഹാട്രിക്ക് നേടി. ഒരു സെല്‍ഫ് ഗോളടക്കം അഞ്ച് ഗോളി നേടിയ താനൂര്‍, ഗ്രൗണ്ടില്‍ വ്യക്തമായ ആധിപത്യം നേടി. മികച്ച കളിക്കാരനായ താനൂരിന്റെ മുഹമ്മദ് ജവാഷിനുള്ള ഉപഹാരം ഗ്ലോബ് ലോജിസ്റ്റിക് നാഷണല്‍ സെയില്‍സ് മാനേജര്‍ മുഹമ്മദ് ഫാസില്‍ നല്‍കി. സ്‌കോര്‍ (5-0).
വേങ്ങരയും വണ്ടൂരും ഏറ്റുമുട്ടിയ രണ്ടാം പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍, ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ടീം വണ്ടൂര്‍ വിജയിച്ചു. മികച്ച ടീം ലൈനപ്പുമായിറങ്ങിയ വണ്ടൂര്‍, തുടക്കം മുതല്‍ അവസാനം വരെയും ആക്രമിച്ചു കളിച്ചു. വേങ്ങരയുടെ ഗോള്‍കീപ്പര്‍ നടത്തിയ മികച്ച സേവുകള്‍, സ്‌കോര്‍ബോര്‍ഡ് കൂടുതല്‍ ചലിക്കാതിരിക്കാന്‍ സാഹചര്യമൊരുക്കി. ആദ്യപകുതിയില്‍ ജാവേദ് എടുത്ത ഒരു ലോങ്ങ് റേഞ്ച് ഷൂട്ട്, വേങ്ങരയുടെ കീപ്പര്‍ കുത്തിയകറ്റി. അടുത്ത നിമിഷങ്ങളില്‍ തന്നെ ജാവേദിന് ലഭിച്ച മറ്റൊരവസരം വലയിലെത്തിച്ച് ടീം വണ്ടൂര്‍ മത്സരത്തില്‍ പിടിമുറുക്കി. വണ്ടൂരിന് വേണ്ടി ഷിബിലിയും, ജിബിന്‍ വര്‍ഗീസും വീണ്ടും വലകുലുക്കിയതോടെ ടീം വേങ്ങര തിരിച്ചുവരാന്‍ കഴിയാത്തയാഴങ്ങളിലേക്ക് പതിച്ചു. കളിയിലെ കേമനായി തിരഞ്ഞെടുത്ത ടീം വണ്ടൂരിന്റെ ഷിബിലിക്കുള്ള ഉപഹാരം മുന്‍ കേരള യൂണിവേഴ്‌സിറ്റി താരവും മദീന ഇന്ത്യന്‍ ഫുടബോള്‍ ഫോറം ഭാരവാഹിയുമായ കെ.എ മൊയ്ദീന്‍ നല്‍കി. സ്‌കോര്‍ (3-0).
ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മലപ്പുറം, വള്ളിക്കുന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍, മുഴുവന്‍ സമയവേളയില്‍ ഗോളുകളൊന്നും പിറന്നില്ല. തുടര്‍ന്നു നടന്ന ടൈബ്രെക്കറില്‍, കീപ്പര്‍ അമീര്‍ നടത്തിയ ഫുള്‍ ലെങ്ത് ഡൈവ് സേവിലൂടെ മലപ്പുറം എഫ്.സി, ഒരു ഗോളിന് ടീം വള്ളിക്കുന്നിനെ മറികടന്നു. മികച്ച ടീം ലൈനപ്പുമായാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങിയത്. ടീം മലപ്പുറത്തിനുവേണ്ടി കളിയിലുടനീളം മികച്ച സേവുകള്‍ നടത്തി ടീമിന്റെ രക്ഷകനായ മത്സരത്തിലെ കേമനായി തിരഞ്ഞെടുത്ത കീപ്പര്‍ അമീറിനുള്ള ഉപഹാരം ഷബാബ് ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനി എം.ഡി പി.വി മുജീബ് നല്‍കി. സ്‌കോര്‍ (0-0 ) (5-4).
ആവേശകരമായ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ടീം പെരിന്തല്‍മണ്ണ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്, ടീം തിരൂരങ്ങാടിയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തില്‍ റിസ്വാനിലൂടെ ടീം പെരിന്തല്‍മണ്ണ ലീഡ് നേടി. ഉണര്‍ന്നു കളിച്ച തിരൂരങ്ങാടി, എതിര്‍ ഗോള്‍മുഖത്ത് നിരവധിയക്രമണങ്ങള്‍ അഴിച്ചുവിട്ടു. മുഹമ്മദ് അനീസ് , മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ ടീം തിരൂരങ്ങാടി ലീഡ് നേടി. രണ്ടാം പകുതിയില്‍ അലന്‍ സോളമനെടുത്ത മനോഹരമായ ഫ്രീകിക്ക് ലക്ഷ്യം കണ്ടതോടെ ടീം പെരിന്തല്‍മണ്ണ മത്സരത്തിലേക്ക് തിരിച്ചുവന്നു. അര്‍ഷാദ് തങ്ങള്‍, അലന്‍ സോളമനെന്നിവര്‍ വീണ്ടും സ്‌കോര്‍ ചെയ്തതോടെ ടീം പെരിതല്‍മണ്ണ മത്സരത്തില്‍ വ്യക്തമായ ലീഡ് നേടി. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ടീം പെരിന്തല്‍മണ്ണയുടെ അലന്‍ സോളമനുള്ള ഉപഹാരം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്രറി ഷൗക്കത്ത് ഞാറക്കോടന്‍ നല്‍കി. സ്‌കോര്‍ (4-2)
മുന്‍ ആഴ്ചയില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ടീം കൊണ്ടോട്ടി, എഫ് സി തിരൂരിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ ടീം ഏറനാട്, ലയണ്‍സ് എഫ് സി കോട്ടക്കലിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപെടുത്തി. ആവേശകരമായ ടീം മങ്കട, എന്‍ കെ സോക്കര്‍ നിലമ്പൂര്‍ മത്സരം, മുഴുവന്‍ സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയിലായെങ്കിലും, തുടര്‍ന്ന് നടന്ന ടൈബ്രെക്കറില്‍ എന്‍ കെ സോക്കര്‍ നിലമ്പൂര്‍ വിജയിച്ചു. ടീം മഞ്ചേരിയാണ് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു ടീം.
വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്, ജിദ്ദ മഹ്ജര്‍ എമ്പറര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടീം മഞ്ചേരി മണ്ഡലം, കൊണ്ടോട്ടി മണ്ഡലത്തെ നേരിടും. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടീം ഏറനാട് , നിലമ്പൂര്‍ മണ്ഡലത്തെ നേരിടും. മൂന്നാം മത്സരത്തില്‍ ടീം താനൂര്‍, വണ്ടൂര്‍ മണ്ഡലത്തെ നേരിടും. അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടീം പെരിന്തല്‍മണ്ണ, മലപ്പുറം മണ്ഡലത്തെ നേരിടും.
മാന്‍ ഓഫ് ദി മാച്ച് ഫോട്ടോസ്: മുഹമ്മദ് ജവാഷ്, ഷിബിലി, അമീര്‍, അലന്‍ സോളമന്‍.
Related News