മുന്‍ മന്ത്രി എം.ടി പത്മ നിര്യാതയായി
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.ടി.പത്മ (80) മുംബൈയില്‍ നിര്യാതയായി. ഏറെ നാളായി മുംബൈയില്‍ മകളോടൊപ്പമായിരുന്നു താമസം.. 1991 മുതല്‍ 1995 വരെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു. 1987ലും 1991ലും കൊയിലാണ്ടിയില്‍നിന്നുള്ള എംഎല്‍എയുമായിരുന്നു. മൃതദേഹം നാളെ കോഴിക്കോട് എത്തിച്ച് സംസ്‌കരിക്കും.
ലോ കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പത്മ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സേവാദള്‍ ഫാമിലി വെല്‍ഫയര്‍ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറര്‍, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാദാപുരത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999ല്‍ പാലക്കാടുനിന്നും 2004ല്‍ വടകരയില്‍നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ല്‍ കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്നു.
പ്രിയങ്കക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കല്‍പറ്റ: യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളില്‍ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നു.
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമര്‍ദവും തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 മുതല്‍ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Related News