റിയാദ്: തമിഴ് സിനിമയുടെ പ്രമോഷന് വേണ്ടി തെന്നിന്ത്യ ചലച്ചിത്ര താരവും നിര്‍മാതാവുമായ സൂര്യയും ബോളിവുഡ് താരമായ സണ്ണി ഡിയോളും റിയാദിലെത്തി. നവംബര്‍ 14-ന് ലോകത്താകെ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കംഗുവ'യുടെ പ്രമോഷന്‍ പരിപാടി മലസ് ലുലു പാര്‍ക് അവന്യൂവില്‍ അരങ്ങേറിയപ്പോള്‍ താരങ്ങളെ കാണാന്‍ ഒഴുകിയെത്തിയത് ആയിരക്കണക്കിന് ചലച്ചിത്ര പ്രേമികള്‍.
ഹിറ്റ് മേക്കറും ബ്ലോക് ബസ്റ്റര്‍ സംവിധായകനുമായ ശിവ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ത്രീഡി സിനിമയുടെ നിര്‍മാണ ചെലവ് 350 കോടിയോളം രൂപയാണ്. ലോകത്താകെ പതിനായിരത്തിലധികം സ്‌ക്രീനുകളിലാണ് അഞ്ച് ഭാഷകളിലുള്ള ഈ പാന്‍ ഇന്ത്യന്‍ സിനിമ പുറത്തിറങ്ങുന്നത്.
സുര്യയെയും സണ്ണി ഡിയോളിനെയും വാദ്യപ്പൊലിമയോടെ സംഘാടകര്‍ സ്വീകരിച്ചു. മനുഷ്യരാശി പിന്നിട്ട വഴികളിലൂടെ, ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള അവരുടെ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് സിനിമയുടെ ഇതിവൃത്തമെന്നും ആക്ഷനും ഫാന്റസിക്കുമൊപ്പം വിസ്മയകരമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ദൃശ്യഭാഷയൊരുക്കിയതെന്നും സൂര്യ പറഞ്ഞു. പല തുരുത്തുകളില്‍ ജീവിക്കുകയും നീര്, നെരുപ്പ്, ആകാശം, രക്തം എന്നിങ്ങനെയുള്ള വിവിധ പ്രതിഭാസങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും കലഹങ്ങള്‍ക്കുമിടയിലേക്ക് പുതിയൊരു വിഭാഗത്തിന്റെ ആഗമനം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് 'കംഗുവ'യുടെ ഉള്ളടക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, മറക്കുവാനും പൊറുക്കുവാനുമുള്ള മനുഷ്യസഹജമായ വികാരങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും സിനിമ കാണിച്ചു തരുന്നു.
താരങ്ങളെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയ പ്രവാസികള്‍ക്കും സ്വദേശി പൗരര്‍ക്കും സൂര്യയും ഇതിഹാസ താരം ധര്‍മ്മേന്ദ്രയുടെ പുത്രന്‍ സണ്ണി ഡിയോളും നിരവധി തവണ നന്ദി പറയുകയും അനുവാചകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ലുലു പ്രതിനിധികളായ ഷഫീഖ് റഹ്‌മാന്‍, അബ്ദുല്‍ ജലീല്‍, ലാലു വര്‍ക്കി, മുഹമ്മദ് സച്ചിന്‍, അംറ് മുഹമ്മദ് നിസാര്‍, മീ ഫ്രണ്ട് പ്രതിനിധികളായ സലീം മാഹി, ഹിലാല്‍ ഹുസൈന്‍, അഷ്റഫ് കൊടിഞ്ഞി, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.
Related News