ജിദ്ദ: പ്രവാസികളുടെ അവധിക്കാല ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവെക്കാനായി 'ഗൃഹാതുരത്വം തേടുന്ന എന്റെ അവധിക്കാലം' എന്ന വിഷയത്തില്‍ കഴിഞ്ഞ വെക്കേഷന്‍ കാലത്ത് ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ മികച്ച കവിയെയും കഥാകൃത്തിനെയും എഴുത്തുകാരെയും കണ്ടെത്താനായി അക്ഷരം വായനവേദി സംഘടിപ്പിച്ച വിവിധ രചനാമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. അനുഭവക്കുറിപ്പ് വിഭാഗത്തില്‍ റെജി അന്‍വര്‍ ഒന്നാം സ്ഥാനവും ഹംസ എലാന്തി രണ്ടാം സ്ഥാനവും റജിയ വീരാന്‍ മൂന്നാം സ്ഥാനവും നേടി. കഥാ വിഭാഗത്തില്‍ സുധി വാണിയനാണ് ഒന്നാം സ്ഥാനം. അഞ്ജു ആന്റോ രണ്ടാം സ്ഥാനം നേടി. കവിതാ വിഭാഗത്തില്‍ നജീബ് വെഞ്ഞാറമൂട് ഒന്നും യൂനുസ് ചാണ്ടന്‍കുഴിയില്‍ രണ്ടും നിഥിന്‍ ജോര്‍ജ്ജ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഗൃഹാതുരത്വം മുഖ്യ പ്രമേയമാക്കികൊണ്ടുള്ള മലയാളത്തിലുള്ള മൗലിക രചനകള്‍ ആയിരുന്നു മത്സരത്തിന് പരിഗണിച്ചത്. 20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നത്. കേരളത്തിലെയും സൗദിയിലെയും പ്രമുഖ എഴുത്തുകാരും കവികളും കഥാകൃത്തുക്കളുമായ സച്ചിതാനന്ദന്‍, ജമീല്‍ അഹമ്മദ്, മുഹമ്മദ് കുട്ടി എളമ്പിലക്കോട്, അബു ഇരിങ്ങാട്ടിരി, ഡോ. ഇസ്മായില്‍ മരിതേരി, സബീന സാലിം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മത്സരത്തിലേക്ക് വന്ന മുഴുവന്‍ രചനകളും മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. എഴുത്തിന്റെ വഴിയില്‍ കൂടുതല്‍ സംഭാവനകള്‍ നല്കാന്‍ അവര്‍ക്കാവട്ടെ എന്നവര്‍ ആശംസിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അക്ഷരം വായനവേദി സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്നും മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
Related News