l o a d i n g

യാത്ര

യാത്രാനുഭവം... സൗദിയുടെ അതിര്‍ത്തിയിലേക്ക്

മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത' ആത്മകഥയുടെ തുടക്കം തൈമയില്‍നിന്ന്

Thumbnail


'ഹോ... 250 കി.മീ അധികം പോണം...' -വണ്ടി ഓടിക്കുന്ന സുഹൃത്ത് ഇര്‍ഷാദ് ഈര്‍ഷ്യയോടെ പറഞ്ഞു. ഞങ്ങള്‍, രണ്ടു വണ്ടികളിലായി 12 പേര്‍, തബൂക്കില്‍നിന്ന് മദാഇന്‍ സ്വാലിഹിലേക്കുള്ള യാത്രയിലായിരുന്നു. പുലര്‍ച്ചെ തുടങ്ങിയതാണ് യാത്ര. 9-10 മണിയോടെ അല്‍ഉലയിലെത്താനായിരുന്നു പദ്ധതി. ഉച്ചയോടെ മദാഇന്‍ സ്വാലിഹ് സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് ഒരു മസ്റയില്‍ ചെലവിടണമെന്നായിരുന്നു ആഗ്രഹം. മസ്റയില്‍നിന്ന് മജീദ് വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വഴി തെറ്റി തയ്മയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്. മനസ്സിലെവിടെയോ പൂത്തിരി കത്തി. ഏറ്റവും കാണാനാഗ്രഹിച്ച സ്ഥലങ്ങളിലൊന്നായിരുന്നു തയ്മ. 'മക്കയിലേക്കുള്ള പാത' എന്ന വിഖ്യാതമായ ആത്മകഥ മുഹമ്മദ് അസദ് അവതരിപ്പിക്കുന്നത് തൈമയില്‍നിന്ന് മക്കയിലേക്കുള്ള 22 ദിവസത്തെ യാത്രയുടെ ഫ്ളാഷ്ബാക്കായാണ്. മക്കയിലേക്ക് ഒട്ടകത്തെ തിരിക്കാന്‍ അസദിന് വെളിപാടുണ്ടാവുന്നത് ഈ നഗരത്തില്‍ വെച്ചാണ്. ഒരുപാടൊരുപാട് തവണ വായിച്ച് മനസ്സില്‍ പതിഞ്ഞ യാത്ര. അസദിനും ബദവി കൂട്ടുകാരന്‍ സെയ്ദിനുമൊപ്പം തയ്മയും എന്നോ മനസ്സില്‍ കുടിയേറിയിരുന്നു. അല്‍ ഉലയില്‍നിന്ന് 200 കി.മീറ്ററിലേറെ ദൂരമുണ്ട് തയ്മയിലേക്ക്. മുമ്പ് രണ്ടു തവണ അല്‍ഉലയിലെത്തിയപ്പോഴും സാധിക്കാതിരുന്ന ആഗ്രഹമാണ് തയ്മ സന്ദര്‍ശനം. ഇപ്പോഴിതാ അബദ്ധത്തില്‍ അത് സാധ്യമാവാന്‍ പോവുന്നു.
അസദ് ഒട്ടകപ്പുറത്ത് തയ്മ കടന്നുപോയിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. തയ്മ ഒരുപാട് മാറിയിട്ടുണ്ടാവണം. കൃത്രിമ പുല്‍ത്തകിടി കൊണ്ട് അലങ്കരിച്ച നഗര ഹൃദയം. വലിയ തിരക്കില്ലാത്ത നഗരവീഥികള്‍. ഞങ്ങള്‍ ഒരു മലയാളി സുഹൃത്തിനെ കണ്ടുപിടിച്ചു -സിദ്ദീഖ്. ലൈല മജ്നൂനിന്റെ ഒളിസ്ഥലവും കോട്ടയുമാണ് തയ്മയില്‍ സന്ദര്‍ശകര്‍ക്ക് പ്രധാനമായും കാണാനുള്ളതെന്ന് സിദ്ദിഖ് പറഞ്ഞു.
ലൈല മജ്നൂന്‍... കാലങ്ങള്‍ കടന്നുവന്നിട്ടും പുതുമ മാറാത്ത മറ്റൊരു അറബിക്കഥ. അതാ അവിടെയാണ് ലൈല ഒളിച്ചിരുന്നത്... വലിയ ജലാശയത്തിന്റെ താഴെയുള്ള തുളയിലേക്ക് കൈ ചൂണ്ടി സിദ്ദിഖ് പറഞ്ഞു. സമീപത്തൊരു കോട്ട, ചുറ്റും നാമാവശേഷമായ ചെമ്മണ്‍ വീടുകള്‍. തൈമയിലെ ജലാശയത്തിന് ലൈലയുമായി ബന്ധമുണ്ടോയെന്നറിയാന്‍ അവിടെയുള്ള സന്ദര്‍ശക കാര്യാലയം സന്ദര്‍ശിച്ചു. ബംഗാളി ജീവനക്കാരന്‍ പരതിയെടുത്തു തന്ന ബ്രോഷറില്‍ ലൈലയെക്കുറിച്ച പരാമര്‍ശമൊന്നുമില്ല. ഹായിലില്‍ നിന്നെത്തിയ ചരിത്രകുതുകിയായ സ്വദേശി സൈനികനോട് ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിനും ലൈലയും തൈമയുമായുള്ള ബന്ധത്തെക്കുറിച്ച അറിവൊന്നുമില്ല. അബ്ദുല്‍അസീസ് രാജാവിന് ഏറെ ഭീഷണിയുയര്‍ത്തിയ റൂമാന്‍ രാജാവിന്റെ കോട്ടയാണ് ഇതെന്നും ഈ ജലാശയത്തില്‍നിന്ന് പല ദിക്കുകളിലേക്കും വെള്ളം കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പക്ഷെ പ്രദേശവാസികള്‍ ലൈല മജ്നൂന്‍ കഥയില്‍ വിശ്വസിക്കുന്നു. അറബ് സാഹിത്യം ലോകത്തിന് സമ്മാനിച്ച ലൈലയുടെ കഥയോട് ബന്ധം അവകാശപ്പെടുന്ന ഒന്നിലേറെ സ്ഥലങ്ങള്‍ സൗദിയില്‍ തന്നെയുണ്ട്. സിദ്ദിഖ് ഞങ്ങളെ തൈമയിലെ ഇന്ത്യന്‍ ഹോട്ടലിലേക്ക് കൊണ്ടുപോയി. ന്യൂതൈമയില്‍ പുതിയ ഹോട്ടലുകള്‍ വരുന്നതിന്റെ ആശങ്കയിലായിരുന്നു ഹോട്ടല്‍ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി സന്തോഷ്. പൂജ്യം ഡിഗ്രിയോളം താപനില താഴുന്ന, ആലിപ്പഴം വര്‍ഷിക്കുന്ന തണുപ്പുകാലത്ത് തൈമ സന്ദര്‍ശിക്കാന്‍ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു.
മദാഇന്‍ സ്വാലിഹിലെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. പെരുന്നാള്‍ അവധിയായതിനാല്‍ നിറയെ സന്ദര്‍ശകര്‍. സ്വാലിഹ് നബിയുമായി ബന്ധമുള്ള ഒരു പ്രദേശമെന്നതൊഴിച്ചാല്‍ സന്ദര്‍ശകരില്‍ ബഹുഭൂരിഭാഗത്തിനും മദാഇന്‍ സ്വാലിഹിന്റെ ചരിത്രപ്രാധാന്യം അറിയുമോയെന്ന് സംശയം. നബാത്തിയന്‍ കാലത്തെ ശവകുടീരങ്ങളെന്ന് വ്യക്തമാക്കുന്ന കുറിപ്പുകള്‍ ഉണ്ടെങ്കിലും പാറ തുരന്നുണ്ടാക്കിയ വീടുകളെന്നാണ് ഒരു സംഘത്തലവന്‍ അണികള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നത്. റെയില്‍വെ മ്യൂസിയത്തില്‍ പക്ഷെ ഹിജാസ് റെയില്‍വേയുടെ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1907 ല്‍ തബൂക്കിലെ റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത് തുര്‍ക്കി പ്രതിനിധികള്‍ അവിടത്തെ പ്രചാവകന്റെ പള്ളിയില്‍ നമസ്‌കരിക്കുകയും ആടിനെ ബലിയറുക്കുകയും ചെയ്ത ശേഷമായിരുന്നു. തബൂക്കിലെ ആ പള്ളിയും കോട്ടയും സന്ദര്‍ശിച്ച ശേഷമാണ് ഞങ്ങളും വരുന്നത്. തബൂക്ക് യുദ്ധത്തിനു മുമ്പാണ് പ്രവാചകന്‍ അവിടെയെത്തിയത്. പക്ഷെ പ്രവാചകന്‍ നമസ്‌കരിച്ചുവെന്നു പറയുന്ന മറ്റൊരു പള്ളി സമീപത്തുണ്ടെന്ന് പള്ളിയില്‍ വെച്ചു കണ്ട കൊല്ലം സ്വദേശി മുബാറക് പറഞ്ഞു.
പെരുന്നാള്‍ ദിനം രാവിലെയാണ് ജോര്‍ദാന്‍ അതിര്‍ത്തിയിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചത്. തബൂക്കില്‍ തങ്ങാനും അവിടെനിന്ന് 250 കിലോമീറ്ററോളം ദൂരമുള്ള ഹഖ്ല്‍ അതിര്‍ത്തി വരെ പോകാനുമായിരുന്നു പദ്ധതി. യാമ്പു വഴി അല്‍ വജ്ജിലെയും ഉംലജിലെയും തെളിവെള്ളമുള്ള ബിച്ചുകള്‍ കടന്നാണ് ഞങ്ങള്‍ യാത്ര ചെയ്തത്. കടല്‍ക്കാഴ്ചയുടെ തീര വഴികളില്‍നിന്ന് ക്രമേണ യാത്ര ഇരുള്‍ പിടിച്ച മലമ്പാതകളിലൂടെയായി. മണിക്കൂറുകളോളം ഒരു മനുഷ്യനെ കാണാത്ത വഴികള്‍. മരുഭൂമിയിലൂടെ മികച്ച റോഡുകള്‍ പണിത സൗദി ഭരണാധികാരികളെ നമിക്കണം. അല്‍പം ശൗച്യാലയങ്ങള്‍ കൂടി പണിതിരുന്നെങ്കില്‍ എന്നാശിച്ചു പോവും. വഴി നീളെയുള്ള ബോര്‍ഡുകളില്‍ തബൂക്ക്-ഹഖ്ല്‍ ദൂരം വെറും 65-70 കി.മീ ആയി കണ്ടത് അമ്പരപ്പിച്ചു. 200 കി.മീറ്ററിലേറെ ദൂരമുണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നത്. തബൂക്കിലെത്തിയപ്പോള്‍ മനസ്സിലായി ഞങ്ങളുടെ കണക്കു തന്നെയാണ് ശരിയെന്ന്.
യാമ്പുവില്‍ റോയല്‍ കമ്മീഷനിലായിരുന്നു ഞങ്ങള്‍ തങ്ങിയത്. ആരും താമസിക്കാന്‍ കൊതിക്കുന്ന പ്രദേശം. വൃത്തിയുള്ള റോഡുകളും പാര്‍ക്കുകളും പുല്‍ത്തകിടികളും ആധുനിക സൗകര്യങ്ങളും. ഞങ്ങള്‍ മനോഹരമായ പുല്‍ത്തകിടിയില്‍ ഫുട്ബോള്‍ കളിച്ചു, ഉല്ലാസ ബോട്ടുകള്‍ നങ്കൂരമിട്ട നീലക്കടല്‍ത്തീരത്ത് കുളിച്ചു. റോയല്‍ കമ്മീഷനു പുറത്ത് വൃത്തിയും വെടിപ്പുമില്ലാതെ യാമ്പു നഗരം. തെളിവെള്ളത്തില്‍നിന്ന് കലക്കു വെള്ളത്തിലേക്കു വീണതു പോലെ. എങ്കിലും റോയല്‍ കമ്മീഷനിലെ അച്ചടക്കത്തിന് സാമൂഹ്യ ജീവിതത്തിന്റെ വര്‍ണപ്പൊലിമയില്ലെന്നു തോന്നി. വാഴക്കാട്ടുകാരന്‍ ബഷീര്‍ പറഞ്ഞത് വര്‍ഷങ്ങളായി അയല്‍വാസിയായ അറബ് വംശജന്‍ ഇന്നു വരെ തന്നോട് ചിരിച്ചിട്ടില്ലെന്നാണ്. സമീപകാലത്ത് ഇവിടെ ചെറിയ ചെറിയ കൂട്ടായ്മകളും പരിപാടികളും ഉണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിയാവുല്‍ ഹഖ് പറഞ്ഞു. അതിലധികവും മത സംഘടനകളുടെ ചടങ്ങുകള്‍. റോയല്‍ കമ്മീഷനിലെയും യാമ്പു നഗരത്തിലെയും പാക്കിസ്ഥാനി റെസ്റ്ററന്റുകളില്‍ കച്ചവടം തകൃതി. എത്തുന്നത് അധികവും ഇന്നാട്ടുകാരും അറബ് കുടുംബങ്ങളും.
പാതിരാത്രി പിന്നിട്ടാണ് തബൂക്കിലെത്തിയതെങ്കിലും സാമൂഹിക പ്രവര്‍ത്തകന്‍ സിറാജ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പെരുന്നാളവധിക്ക് നിരവധി മലയാളി സംഘങ്ങളാണ് തബൂക്ക് വഴി യാത്ര ചെയ്യുന്നത്. മിക്കവരും ബന്ധപ്പെടുന്നത് സിറാജിനെയാണ്. പുരാതനകാലം മുതല്‍ക്കേ യാത്രാസംഘങ്ങളുടെ ഇടത്താവളമാണ് തബൂക്ക്. ഭൂഗര്‍ഭജലനിരപ്പ് താരതമ്യേന അത്ര താഴെയല്ലാത്തതിനാലാവണം ഒരുപാട് ഫാമുകളുണ്ട് തബൂക്കില്‍. ജൈവകൃഷി ചെയ്യുന്ന അത്തരമൊരു വമ്പന്‍ ഫാം ഞങ്ങള്‍ സന്ദര്‍ശിച്ചു. അത്തി മുതല്‍ മുന്തിരി വരെ ഫലങ്ങള്‍, നിരവധിയിനം റോസാപ്പൂവുകള്‍. ലക്ഷങ്ങള്‍ വിലമതിക്കുന്ന സങ്കരയിനം പശുക്കള്‍, കാടകള്‍.. യാദൃശ്ചികമായി ജിദ്ദയിലെ കൃഷിക്കൂട്ടായ്മയുടെ പ്രതിനിധി അബ്ദുസ്സലാമിനെ അവിടെ കണ്ടുമുട്ടി. ഫാമിലെ കൃഷി രീതികളുടെ ശാസ്ത്രീയ വശങ്ങള്‍ അദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കാനായി.
തബൂക്കില്‍നിന്ന് 200 കി.മീ അകലമുണ്ട് അല്‍ബിദയിലേക്ക്. അവിടെയാണ് മദായിന്‍ ശുഐബ്. എല്ലാ സെമിറ്റിക് മതങ്ങളുടെയും പ്രവാചകനായ ഇബ്രാഹിം നബിയുടെ പൗത്രന്‍ ശുഐബ് നബിയുടെ നഗരം. മദായിന്‍ ശുഐബിലെ നിര്‍മിതികള്‍ മദാഇന്‍ സ്വാലിഹിലെ നബാതിയന്‍ നിര്‍മാണത്തിന്റെ ചെറുരൂപമായിരുന്നു. എന്നാല്‍ രണ്ടു കാലഘട്ടങ്ങളിലാണ് സ്വാലിഹ് നബിയും ശുഐബ് നബിയും ജീവിച്ചതെന്നാണ് ഇസ്ലാമിക ചരിത്രം. നബാതിയന്‍ നിര്‍മിതിയുടെ ഏറ്റവും വലിയ അടയാളമായ ജോര്‍ദാനിലെ പെട്രക്കു സമീപമാണ് അല്‍ബിദയെന്നതും ശ്രദ്ധേയമാണ്. പറഞ്ഞു പ്രചരിച്ച ചരിത്രത്തിന് വസ്തുതയുമായി എത്ര ബന്ധമുണ്ടെന്ന് പറയാനാവില്ല. അല്‍ബിദയില്‍നിന്ന് ഏതാണ്ട് 50 കിലോമീറ്ററിലേറെ ദൂരമുണ്ട് അഖബ ഉള്‍ക്കടലിനോട് ചേര്‍ന്ന മഖ്നയിലെ തെളിനീര്‍ ബീച്ചിലേക്ക്. മലമ്പാതകളില്‍നിന്ന് പൊടുന്നനെ തീരത്തേക്ക് വണ്ടിതിരിയുമ്പോള്‍ കാഴ്ചയുടെ സൗന്ദര്യം ആരെയും അമ്പരപ്പിക്കും. പെരുന്നാളവധിക്കാലമായിട്ടും ഇവിടെ വലിയ തിരക്കൊന്നുമില്ല. മൂസ നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശം മഖ്നക്കു സമീപമാണ്. ഇത് സിനാ പര്‍വതത്തിന്റെ ഭാഗമായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്.
പെരുന്നാവളവധിക്കാലമായതിനാല്‍ അല്‍ബിദയില്‍ കടകളെല്ലാം അടഞ്ഞുകിടക്കുന്നു. തുറന്നു കിടക്കുന്നത് ഒരു മലയാളി ഹോട്ടല്‍ മാത്രം. മലയാളിയുടെ സേവനസന്നദ്ധതക്ക് മറ്റൊരു ആദരം. തബൂക്കില്‍നിന്ന് സിറാജ് വിളിച്ചുപറഞ്ഞിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഈ കൊച്ചു കട കാണാതെ വിശന്നു വലഞ്ഞേനേ. കടയില്‍ പൂരത്തിന്റെ തിരക്ക്. കാസര്‍കോട് അതിര്‍ത്തിയിലുള്ളവരുടെ ബ്യാരി സംസാരിക്കുന്ന വലിയ സംഘവും കൂട്ടത്തില്‍.
ദിബയില്‍നിന്ന് 200 കി.മീറ്ററിലേറെയുണ്ട് ഹഖ്ല്‍ അതിര്‍ത്തിയിലേക്ക്. ജോര്‍ദാനും ഇസ്രായിലും ഈജിപ്തുമൊക്കെ സന്ധിക്കുന്ന പ്രശാന്ത സുന്ദരമായ ഹഖ്ലിലേക്ക് പ്രവേശിക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞു. രാത്രി എട്ട് കഴിഞ്ഞിട്ടും ആകാശം ചെഞ്ചായമണിഞ്ഞുനില്‍ക്കുന്നു. സിനാ പര്‍വതനിരകള്‍ക്കു താഴെ ഈജിപ്തില്‍ അവിടവിടെയായി മുനിഞ്ഞു കത്തുന്ന വിളക്കുകള്‍. വെളിച്ചത്തില്‍ കുളിച്ച് ഇസ്രായില്‍. ചലിക്കുന്ന വെളിച്ചം വാഹനങ്ങളുടേതാവാമെന്ന് ആരോ പറഞ്ഞു. ഹഖ്ല്‍ നഗരത്തില്‍ വലിയ തിരക്കില്ല. ചരിത്രത്തിന്റെ ഭാരം അന്തരീക്ഷത്തില്‍ തൂങ്ങിനില്‍ക്കുന്നതുപോലെ. ഉയരത്തില്‍ റോഡ്. 50 മീ. താഴെയാണ് തീരം. ഒരു കൊച്ചു കുട്ടി പടക്കം പൊട്ടിച്ചു രസിക്കുന്നു. തീരത്ത് നിര്‍ത്തിയിട്ട ബോട്ടുകള്‍. ചിലര്‍ മീന്‍പിടുത്തത്തിന്റെ തിരക്കില്‍. അഖബ ഉള്‍ക്കടലിലേക്ക് നോക്കി ഞങ്ങള്‍ റോഡില്‍ നിന്നു. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ സംഘര്‍ഷഭൂമിയാണ് മുന്നില്‍. വല്ലാത്തൊരു വികാരം. അഖബ ഉള്‍ക്കടലിലൂടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. ജോര്‍ദാനിലേക്കുള്ള എണ്ണ ടാങ്കറുകളും ഈജിപ്തിലെ ശറമുശൈഖ് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ക്രൂയിസ് ഷിപ്പുകളുമാണ് പ്രധാനമായും ഉള്‍ക്കടലിലൂടെ സഞ്ചരിക്കുന്നത്. ഞങ്ങള്‍ അതിര്‍ത്തി വരെ പോയി. അതിര്‍ത്തിയില്‍ ജോര്‍ദാനിലേക്ക് പ്രവേശനം കാത്തുകിടക്കുന്ന വാഹനങ്ങളുടെ ചെറിയ നിര. രാജ്യാന്തര അതിര്‍ത്തിയുടെ വലിയ ഗൗരവമൊന്നുമില്ല. സമീപത്തെ കാപ്പിക്കടകള്‍ക്കും പള്ളികള്‍ക്കുമടുത്തായി ആളുകള്‍ കറങ്ങി നടക്കുന്നു.
റിയാദില്‍നിന്ന് വന്ന പത്തനംതിട്ടക്കാരുടെ ചെറു സംഘത്തെ ഞങ്ങള്‍ പരിചയപ്പെട്ടു. സൗദി അറേബ്യയിലെ ബൈബിളില്‍ പരാമര്‍ശിച്ച കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്തു വന്നതാണ് സംഘം. പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ മണ്ണാണ് ഇത്, നാഗരികതകളുടെ കളിത്തൊട്ടില്‍. കൂട്ടത്തിലാരോ പറഞ്ഞു, ഹഖ്ലിന്റെ ചിത്രം ഒരിക്കലും മനസ്സില്‍നിന്ന് പോവില്ല. ഭാവനയും വസ്തുതയും ഇടകലര്‍ന്ന അറബിക്കഥകളും മറക്കാനാവില്ല.

Photo

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand