ന്യൂദല്‍ഹി: ഇന്ത്യയില്‍ കാന്‍സര്‍ അധികവും ഉണ്ടാകുന്നത് യുവാക്കളെയാണെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലെ കാന്‍സര്‍ കേസുകളില്‍ 20 ശതമാനവും 40 വയസ്സിന് താഴെയുള്ളവരിലാണ്. ഇതില്‍ 60 ശതമാനം രോഗ ബാധിതരും പുരുഷന്‍മാരാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ മുക്ത് ഭാരത് കാമ്പയിനാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
26 ശതമാനവുമായി തലയിലും കഴുത്തിലും ബാധിക്കുന്ന കാന്‍സറാണ് കൂടുതലായി കണ്ടെത്തിയത് വന്‍കുടല്‍, ആമാശയം, കരള്‍, ദഹനനാളത്തിലെ കാന്‍സര്‍ എന്നിവ ബാധിച്ചവര്‍ 16 ശതമാനമാണ്. സ്തനാര്‍ബുദ രോഗികള്‍ 15 ശതമാനവും. മാര്‍ച്ച് 1നും മേയ് 15നും ഇടയില്‍ രാജ്യത്തുടനീളമുള്ള 1,368 കാന്‍സര്‍ രോഗികളിലാണ് പഠനം നടത്തിയത്. കേസുകളില്‍ 63 ശതമാനം കാന്‍സറും കണ്ടെത്തിയത് 3 അല്ലെങ്കില്‍ 4 ഘട്ടങ്ങളിലാണ്. 27 ശതമാനവും കാന്‍സറിന്റെ 1,2 ഘട്ടങ്ങളിലാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറുന്നു.
ജീവിത ശൈലിയിലെ അനാരോഗ്യകരമായ പ്രവര്‍ത്തികളാണ് യുവാക്കളില്‍ കൂടുതലായി കാന്‍സറിന് കാണമെന്ന് കാന്‍സര്‍ മുക്ത് ഭാരത് കാമ്പയിന്‍ തലവന്‍ ആശിഷ് ഗുപ്ത പറയുന്നു. പൊണ്ണത്തടി, ഭക്ഷണ ശീലങ്ങളിലെ മാറ്റം, കൂടുതല്‍ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവയും ഉയര്‍ന്ന കാന്‍സര്‍ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കളിലെ ഫാസ്റ്റ് ഫുഡ് സംസ്‌കാരവും ജീവിതത്തിലെ കൃത്യനിഷ്ഠയില്ലായ്മയും രോഗം ഉണ്ടാകാന്‍ സാധ്യത വര്‍ധിക്കുന്ന ഘടകങ്ങളാണന്നും ചൂണ്ടിക്കാട്ടി.
Related News