മക്ക: എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ വിഖായ' വളണ്ടിയര്‍മാര്‍ അറഫ, മിനാ, മുസ്ദലിഫ സേവനം പൂര്‍ത്തിയാക്കി മടങ്ങി. എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ സേവനങ്ങള്‍ നടന്ന മക്കയിലെ മിന ക്യാമ്പ് സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു.
നാഥന്റെ അതിഥികളായി പരിശുദ്ധ ഹറമുകളില്‍ എത്തുന്ന ഹാജിമാര്‍ക്ക് വിഖായ പ്രവര്‍ത്തകര്‍ നല്‍കുന്ന സേവനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് എസ്.വൈ.എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.
നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രോസി അധ്യക്ഷനായി. എസ്‌കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫക്രുദ്ദീന്‍ തങ്ങള്‍ അല്‍ഹസനി കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ ഹജ്ജിന് എത്തി അറഫയിലും മിനയിലും മറ്റു സ്ഥലങ്ങളിലുമായി മരണപ്പെട്ട ഹാജിമാര്‍ക്കും , വിഖായ പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി.
അറഫാ, മുസ്ദലിഫ, മിന തുടങ്ങിയ സ്ഥലങ്ങളില്‍ വളണ്ടിയര്‍ സേവനങ്ങള്‍ നടത്തുന്നതിന് അവസാന സമയം വരെ തടസ്സങ്ങള്‍ ഉണ്ടായിരുന്നിട്ടും മിന ഓപ്പറേഷന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് വിഖായ സംഘത്തിനാണെന്ന് സയ്യിദ് ഉബൈദുല്ല തങ്ങള്‍ പറഞ്ഞു.
ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ക്ക് സൗദി ഗവണ്‍മെന്റ് ഒരുക്കിയ സൗകര്യങ്ങള്‍ വളരെ മികച്ചതായിരുന്നു. ഓരോ വര്‍ഷവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തി ലോക രാജ്യങ്ങളുടെ പ്രശംസ നേടിയിരിക്കുകയാണ് സൗദി ഭരണകൂടം. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഈ വര്‍ഷവും സമസ്ത ഇസ്ലാമിക് സെന്‍ര്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ വിഖായ നീലപ്പടയണി കര്‍മ്മനിരതരായിരുന്നു. അറഫ സംഗമം മുതല്‍ ഇരുന്നൂറോളം വരുന്ന വളണ്ടിയര്‍മാരാണ് രംഗത്തുണ്ടായിരുന്നത്.
വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുമെന്ന് എസ്.ഐ.സി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അറിയിച്ചു. അസീസിയ മാപ്പ് റീഡിങ് മുനീര്‍ ഫൈസി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ആലമ്പാടി അബൂബക്കര്‍ ദാരിമി, ഓര്‍ഗനൈസിങ് സെക്രട്ടറി നൗഫല്‍ മക്ക, മക്ക സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ ദാരിമി കരുളായി, എസ്‌ഐസി സെക്രട്ടറി സിറാജുദ്ധീന്‍, ദുല്‍ഫുഖാര്‍ തങ്ങള്‍ ജെമലുല്ലൈലി, സലീം മലയില്‍, സാലിം അമ്മിനിക്കാട്, സലീം നിസാമി, സൈനുദ്ധീന്‍ ഫൈസി പൊന്മള, അസീസ് പുന്നപ്പാല, സയ്യിദ് മാനു തങ്ങള്‍, ഉസ്മാന്‍ ദാരിമി, സിറാജ് പേരാമ്പ്ര, നൗഫല്‍ തേഞ്ഞിപ്പലം, ജാസിം കാടാമ്പുഴ,
സ്വലാഹുദ്ധീന്‍ വാഫി, മുബശ്ശിര്‍ അരീക്കോട്, ഫിറോസ് ഖാന്‍, യൂസുഫ് ഒളവട്ടൂര്‍, നിസാര്‍ നിലമ്പൂര്‍, മുഹമ്മദ് അസീസിയ്യ, അയ്യൂബ് എടരിക്കോട്, മരക്കാര്‍ പാങ്ങ്, ഉസ്മാന്‍ അസീസിയയില്‍ നടന്ന യോഗത്തില്‍ സംബന്ധിച്ചു. നാഷണല്‍ സമിതി ചീഫ് കോര്‍ഡിനേറ്റര്‍ ദില്‍ഷാദ് തലാപ്പില്‍ സ്വാഗതവും വിഖായ നാഷണല്‍ സമിതി ചെയര്‍മാന്‍ സയ്യിദ് ടി.പി മാനു തങ്ങള്‍ അരീക്കോട് നന്ദിയും പറഞ്ഞു.
ഹാജിമാര്‍ മടങ്ങുന്നത് വരെ തുടര്‍ന്നുള്ള ദിവസങ്ങളിലും മക്കയിലും മദീനയിലും വിഖായ സേവനം തുടരുമെന്ന് ചെയര്‍മാന്‍ സയ്യിദ് മാനു തങ്ങള്‍ അറിയിച്ചു.
Related News